ഹോട്ടലുകളിൽ പാർസൽ സംവിധാനം തുടർന്നേക്കും

Monday 08 June 2020 12:02 AM IST

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ജില്ലയിലെ ഹോട്ടലുകൾ പൂർണമായി തുറക്കില്ല. പാർസൽ സംവിധാനം തുടരാനാണ് ഭൂരിപക്ഷം ഹോട്ടലുടമകളുടെയും തീരുമാനം. ഇക്കാര്യത്തിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇന്ന് തീരുമാനമെടുക്കും. ഏതൊക്കെ സ്ഥലങ്ങളിൽ എങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കണമെന്നതിൽ റിപ്പോർട്ട് നൽകാൻ ഹോട്ടൽ ആൻഡ് റസ്റ്രോറന്റ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പരിശോധിച്ചതിന് ശേഷമാകും ഹോട്ടലുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. ജൂലായ് 15 വരെ ഹോട്ടലുകൾ തുറക്കേണ്ടതില്ലെന്നാണ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. സംഘടനകളിൽ ഉൾപ്പെടാത്ത നാട്ടിൻപുറങ്ങളിലെ ഹോട്ടലുകളും അടഞ്ഞുകിടക്കാനാണ് സാദ്ധ്യത.