തമിഴ്നാട്ടിലേക്ക് മണ്ണ് കടത്ത്; ലോറി പിടികൂടി

Monday 08 June 2020 12:03 AM IST
മണ്ണ് കടത്തുന്നതിനിടെ കൊളത്തൂർ പൊലീസ് പിടികൂടിയ ലോറി

പെരിന്തൽമണ്ണ: വാളയാർ സിമന്റ് ഫാക്ടറിയിലേക്ക് എന്ന പേരിൽ വ്യാജ ബില്ലുണ്ടാക്കി തമിഴ്നാട്ടിലേക്ക് മണ്ണ് കടത്തുന്നതിനിടെ ലോറി കൊളത്തൂർ പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ചട്ടിപ്പറമ്പിൽ നിന്നാണ് ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് ലോറി പിടികൂടിയത്. പരിശോധനയ്ക്ക് പിന്നാലെ മണ്ണെടുത്ത് കൊണ്ടിരുന്ന മറ്റ് വാഹനങ്ങൾ പെട്ടെന്ന് തന്നെ ഖനന സ്ഥലത്ത് നിന്ന് മാറ്റിയതിനാൽ ഇവ പിടിക്കാനായില്ല. കോഡൂർ, കുറുവ വില്ലേജുകളൂടെ അതിർത്തിയിലുള്ള മലകൾ തുരന്ന് ഖനനം ചെയ്യുന്ന സ്ഥല ഉടമകൾക്കെതിരെ നടപടിയെടുക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഇൻസ്‌പെക്ടർ പി.എം ഷമീർ അറിയിച്ചു. ലോറിയുടെ ബോഡി ലെവലിൽ മണ്ണ് നിറച്ച് ടാർപ്പോളിൻ ഷീറ്റ് ഉപയോഗിച്ച് മറച്ച്കെട്ടി പുലർച്ചെയാണ് മണ്ണ് അതിർത്തികടത്തുന്നത്. വാഹനം മലപ്പുറം ജില്ലാ ജിയോളജിസ്റ്റിന് കൈമാറി.