കേരള കൗമുദിവാർത്ത തുണയായി പാളമല ആദിവാസി കോളനിയിൽ ഫസ്റ്റ് ബെൽ മുഴങ്ങി
കടമ്പഴിപ്പുറം: പാളമല ആദിവാസി കോളനിയിലെ കുട്ടികൾക്ക് ഇനി അദ്ധ്യയനം മുടങ്ങില്ല. കേരള എൻ.ജി.ഒ യൂണിയൻ ശ്രീകൃഷ്ണപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഇ.ഡി ടിവി പ്രദേശത്തെ സാംസ്കാരിക നിലയത്തിൽ സ്ഥാപിച്ചു. ടി.വിയുടെ സ്വിച്ച് ഓൺ കർമ്മം പി.ഉണ്ണി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.അംബുജാക്ഷി അധ്യക്ഷയായി.
ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും കോളനിയിലെ വിദ്യാർത്ഥികൾ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നത് നേരത്തെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് തുടർന്ന് നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് കേരള എൻ.ജി.ഒ യൂണിയൻ ശ്രീകൃഷ്ണപുരം ഏരിയാ കമ്മിറ്റി സൗജന്യമായി 32 ഇഞ്ച് എൽ.ഇ.ഡി ടി.വി നൽകിയത്. ഇതോടെ കോളനിയിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന പത്തു വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസുകളിലും പങ്കെടുത്തു.
മെമ്പർമാരായ കെ. ശാന്തകുമാരി, ഉഷാ നാരായണൻ, കെ.പ്രീത, കെ.രാമകൃഷ്ണൻ, കെ.വിനോദ് കുമാർ,കെ.കാർത്തികേയൻ, എൻ.ജി.ഒ യൂനിയൻ നേതാക്കളായ എം.അജയ്കുമാർ,എൻ.ദിലീപ്, മനോജ് എന്നിവർ പങ്കെടുത്തു.