തിരുവല്ല റവന്യു ടവറിൽ ഭീഷണിയായി തേനീച്ചക്കൂട്
തിരുവല്ല: താലൂക്കിലെ ഭൂരിഭാഗം സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന റവന്യു ടവറിലെ തേനീച്ചക്കൂട് ഭീഷണിയാകുന്നു. ടവറിന്റെ നാലാം നിലയിൽ കെട്ടിടത്തിന്റെ വടക്കേ അറ്റത്താണ് മേൽക്കൂരയിൽ തേനീച്ചക്കൂട് തൂങ്ങിക്കിടക്കുന്നത്. ഏറെക്കാലമായി ഇവിടെയുള്ള തേനീച്ചകളുടെ കൂട് അനുദിനം വളർന്നു വലുതാകുകയാണ്. വിവിധ സർക്കാർ ഓഫീസുകളും കോടതികളും ബീവറേജസ് പ്രീമിയം കൗണ്ടർ ഷോപ്പും കച്ചവട സ്ഥാപനങ്ങളും മറ്റും ഇവിടെയുണ്ട്. സപ്ലൈ ഓഫീസിലും ആർ.ടി.ഓ ഓഫീസിലും മറ്റും വരുന്നവർ കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചു ക്യൂ നിൽക്കുമ്പോൾ തേനീച്ചക്കൂടിനു സമീപംവരെ എത്തുന്നു. മാത്രമല്ല ഇവിടുത്തെ കോണിപ്പടികൾക്കും മുകളിലാണ് കൂട്. തേനീച്ചയുടെ കുത്തേൽക്കുമെന്ന ഭീതിയിൽ ഇതുവഴി പോകാനും പലരും മടിക്കുകയാണ്. അശ്രദ്ധമായി എന്തെങ്കിലും കൂടിൽ തട്ടിയാലും തേനീച്ചകൾ ഇളകാൻ സാദ്ധ്യതയുണ്ട്. പൊതുജനങ്ങളുടെ ഭീതിയകറ്റാൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.