വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തി

Monday 08 June 2020 12:44 AM IST
വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തിയപ്പോൾ

ആനക്കര: വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ 16 ഷട്ടറുകൾ ഉയർത്തി. 13 ഷട്ടറുകൾ പൂർണമായും മൂന്നെണ്ണം ഭാഗികമായുമാണ് ഉയർത്തിയത്. അപ്രതീക്ഷിതമായി മഴകനത്താൽ പ്രളയ സാദ്ധ്യത ഒഴിവാക്കാനായാണ് ഘട്ടംഘട്ടമായി ഷട്ടറുകൾ ഉയർത്തിയത്.

സംസ്ഥാനത്ത് കാലവർഷമെത്തിയെങ്കിലും പാലക്കാട് ആദ്യ ആഴ്ചയിൽ മഴ കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ജലസംഭരണിയിലേക്കുള്ള നീരൊഴുക്കിൽ വർദ്ധനവില്ല. പക്ഷേ, ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു. 2018ലെ പ്രളയത്തിൽ തൃത്താലയിലെ ഭൂരിഭാഗവും വെള്ളത്തിനടിയിലായിരുന്നു. ഇതേ തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടവും ഉണ്ടായി. പ്രളയത്തിൽ വെള്ളിയാങ്കല്ല് തടയണയിലെ ഒരു ഷട്ടർ ചാനലിൽ നിന്നും തെന്നിമാറി ഒഴുകിപോവുകയും താഴ്ഭാഗങ്ങളിൽ സോളിഡ് ബ്ലോക്കുകൾ ശക്തമായ ഒഴുക്കിൽ തെന്നി മാറിയതിനാൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. പാവറട്ടി പദ്ധതിയുടെ ഭാഗമായും തൃത്താലയിലെ ഏഴു പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയായതിനാൽ റഗുലേറ്ററിന്റെ ഷട്ടറുകൾ പൂർണമായും താഴ്ത്തിയിരുന്നു. തകർന്ന പാർശ്വഭിത്തിയുടെ ഭാഗത്തെ രണ്ടു ഷട്ടറുകൾ ഒഴികെ 25 ഷട്ടറുകളും ഉയർത്തുമെന്ന് മെക്കാനിക്കൽ, സിവിൽ എൻജിനീയർമാർ പറയുന്നു.