ബെവ്ക്യു ആപ്പ് ബിവറേജസിന് ആപ്പായി, വരുമാനം ഇടിഞ്ഞു

Monday 08 June 2020 1:46 AM IST

തിരുവനന്തപുരം: മദ്യവില്പനയുടെ തിരക്ക് കുറയ്ക്കാൻ ബെവ്ക്യു ആപ്പ് വന്നതോടെ, ബിവേറജസ് കോർപ്പറേഷന്റെ വരുമാനം കുത്തനെ ഇടിഞ്ഞു. ആപ്പ് അനുസരിച്ചുള്ള ചില്ലറ മദ്യവില്പന ഏറെയും ബാറുകളിലേക്ക് വഴിമാറി. ബെവ്കോയ്ക്ക് ദിവസം 22 കോടിയോളം വിറ്റുവരവുണ്ടായിരുന്നത് 15 കോടിയിൽ താഴെയായി.

കണക്കനുസരിച്ച് ബെവ്ക്യു ആപ്പിലെ മൂന്ന് ടോക്കണിൽ ഒരെണ്ണം ബെവ്കോയ്ക്ക് കിട്ടേണ്ടതാണ്. കിട്ടുന്നത് ആറെണ്ണത്തിൽ ഒരെണ്ണം. കഴിഞ്ഞദിവസം 2.60ലക്ഷം ടോക്കൺ നൽകിയപ്പോൾ ബെവ്കോയ്ക്ക് കിട്ടിയത് 48000 മാത്രം. പല ബെവ്കോ ഒൗട്ട് ലെറ്റുകളിലും ദിവസത്തിൽ ഒന്നോ, രണ്ടോ പേർ മാത്രം മദ്യം വാങ്ങാനെത്തുമ്പോൾ, ബാറുകളിൽ തിരക്കാണ്.

ഔട്ട്‌ലെറ്റുകൾക്ക് ബുക്കിംഗ് കുറയുന്നതിന്റെ കാരണം കണ്ടെത്താൻ ഫെയർകോഡ് കമ്പനിയോട് ബെവ്കോ നിർദ്ദേശിച്ചിട്ടുണ്ട്. മദ്യശാലകൾ സോഫ്‌ട്‌വെയർ സ്വയം തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. ഉപഭോക്താവിന് മദ്യശാല തിരഞ്ഞെടുക്കാനുള്ള അവസരം വേണമെന്നായിരുന്നു സ്‌റ്റാർട്ടപ്പ് മിഷൻ ആപ്പ് നിർമ്മാണസമയത്ത് ആവശ്യപ്പെട്ടതെങ്കിലും അതുണ്ടായില്ല​. ഏത് മദ്യശാല വേണമെന്ന് ആപ്പ് സ്വയം തീരുമാനിക്കുന്നു. ഒന്നിലധികം ബാറുകളുള്ള സ്ഥലങ്ങളിൽ ഔട്ട്‌ലെറ്റുകളിലേക്കോ, നിശ്ചിത ബാറുകളിലേക്കോ ടോക്കൺ നൽകുന്നതിലെ യുക്തിയും വ്യക്തമല്ല. ബെവ് ക്യൂ ആപ്പ് കോർപ്പറേഷന് നഷ്ടമുണ്ടാക്കുന്നതായി അധികൃതർ എക്സൈസ് മന്ത്രിയെ അറിയിച്ചു. അതിന് പിന്നാലെയാണ് തിരക്കൊഴിവാക്കാനുള്ള താത്കാലിക സംവിധാനം മാത്രമാണ് ആപ്പെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞത്.

'ആപ്പ് ബെവ്കോയെ തകർക്കുമെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയായി. ആപ്പ് പിൻവലിച്ച് എക്സൈസ് മന്ത്രി മാപ്പുപറയണം'

- രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ്