ആന്റി ബോഡി ടെസ്റ്റ് ഇന്നുമുതൽ, ആറു ജില്ലകളിൽ വ്യാപക പരിശോധന
പരിശോധിക്കാൻ അടുത്തേക്ക് എത്തും
തിരുവനന്തപുരം : കൊവിഡ് സമൂഹവ്യാപനമുണ്ടോയെന്നറിയാൻ സംസ്ഥാനത്ത് ഇന്നു മുതൽ ആരംഭിക്കുന്ന ആന്റി ബോഡി ടെസ്റ്റ് (റാപ്പിഡ് ടെസ്റ്റ്) ആറു ജില്ലകളിൽ വ്യാപകമാക്കും. രോഗബാധിതരുടെ എണ്ണവും പുറത്തുനിന്നുള്ളവരുടെ മടങ്ങി വരവും കണക്കാക്കി പാലക്കാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് വ്യാപക പരിശോധന നടത്തുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) 14,000 കിറ്റുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. 10,000കിറ്റുകളാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നത്. ആറുജില്ലകൾക്കായി ആയിരം കിറ്റുകൾ വീതം ലഭ്യമാക്കി. ബാക്കി 4000കിറ്റുകളാണ് ഏഴുജില്ലകൾക്കായി നൽകിയിരിക്കുന്നത്. കൂടുതൽ കിറ്റ് ലഭ്യമാക്കുന്നതോടെ രണ്ടാംഘട്ടത്തിൽ മറ്റുജില്ലകൾക്ക് കൂടുതൽ കിറ്റ് നൽകും. ആളുകളെ അവരുടെ ഇടങ്ങളിൽ എത്തി സൗജന്യമായാണ് പരിശോധിക്കുന്നത്. പതിനഞ്ച് മിനിട്ടിനകം ഫലം ലഭ്യമാകും. പോസിറ്റീവ് ആകുന്നവരിൽ പി.സി.ആർ പരിശോധനയിലൂടെ വൈറസ് സാന്നിദ്ധ്യം ഉറപ്പാക്കും.
കൊവിഡ് രോഗികളെ പരിചരിക്കുന്നതും അല്ലാത്തവരുമായ ആരോഗ്യ പ്രവർത്തകരെ അതത് ആശുപത്രികളിൽ വച്ചായിരിക്കും പരിശോധിക്കുക. പൊലീസ്, ഫീൽഡിൽ പ്രവർത്തിക്കുന്ന ആശാ വർക്കർ, ആരോഗ്യ പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ, ഭക്ഷണം ഡെലിവറി ചെയ്യുന്നവർ, കടകളിൽ ജോലി ചെയ്യുന്നവർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ പ്രാദേശികമായ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധിക്കും. ട്രക്ക് ഡ്രൈവർമാരുമായി സമ്പർക്ക സാദ്ധ്യതയുള്ളവരെ ചന്തകൾ, ലോറി ഡിപ്പോകൾ, ചരക്ക് കയറ്റിറക്ക് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെത്തി പരിശോധിക്കും.
അതിഥി തൊഴിലാളി ക്യാമ്പുകൾ കേന്ദ്രമാക്കിയും വീടുകളിലും നിരീക്ഷണ കേന്ദ്രങ്ങളിലും ഉള്ളവരെ അവിടെത്തിയും പരിശോധിക്കും.