തരംഗമായി ഭാവനരാധാകൃഷ്ണന്റെ 'ജലം അമൃതം'

Monday 08 June 2020 12:00 AM IST

തിരുവനന്തപുരം: മനുഷ്യന് മാത്രമല്ല, ലോകത്ത് ജീവിക്കുന്ന എല്ലാ ജന്തുലതാദികൾക്കും അത്യന്താപേക്ഷിതമായ ഒന്നാണ് ജലം. ഓരോ വർഷവും കേരളത്തിൽ മഴ ലഭ്യതയുടെ കുറവ് ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഭൂഗർഭ ജലം ഉൾവലിയുകയും ചെയ്യുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത പരിമിതികൾ പ്രളയമായി ചുഴലിക്കാറ്റായി ഇന്നിപ്പോൾ കൊവിഡ് എന്ന മഹാമാരിയായി മനുഷ്യരാശിയോട് കണക്കുചോദിക്കുമ്പോൾ ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപെടുത്തുകയാണ് 'ജലം അമൃതം' എന്ന സംഗീത ആൽബം

അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് മുൻ പ്രിൻസിപ്പൽ ഡോ .ഷേർളി പി. ആനന്ദാണ്. പ്രശസ്ത ഗായിക ഭാവന രാധാകൃഷ്ണൻ സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് കൊല്ലം ശ്രീ നാരായണ കോളേജിലെ സംഗീത വിഭാഗത്തിലെ പൂർവ വിദ്യാർത്ഥികളാണ്. കേരളകൗമുദി യു ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്.