അതത് കോളേജുകളിൽ മൂല്യനിർണയം: തീരുമാനം വിവാദത്തിൽ

Sunday 07 June 2020 10:54 PM IST

തിരുവനന്തപുരം: ബിരുദ പരീക്ഷകളുടെ മൂല്യനിർണയം അതത് കോളേജുകളിൽ നടത്താനുള്ള എം.ജി സ‌ർവകലാശാലയുടെ തീരുമാനം വിവാദത്തിലേക്ക്. ജൂൺ മൂന്നാം വാരത്തിൽ ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ അതത് കോളേജുകളിൽ തന്നെ മൂല്യനിർണയം നടത്താനാണ് സിൻ‌‌ഡിക്കേറ്റ് തീരുമാനം. കോളേജിലെ ഒരു സീനിയർ അദ്ധ്യാപകനെ മുഖ്യപരിശോധകനായി നിയമിച്ച് മറ്റ് അദ്ധ്യാപകരെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി മാർക്ക് ലിസ്​റ്റുകൾ യൂണിവേഴ്സി​റ്റിക്ക് അയച്ചു കൊടുക്കാനാണ് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളും അവിടെത്തന്നെ മൂല്യനിർണയം നടത്താം. കൊവിഡിന്റെ മറവിൽ സർവകലാശാലാ പരീക്ഷകളുടെ മൂല്യനിർണയത്തിന്റെ രഹസ്യസ്വഭാവം നഷ്ടപെടുത്തുകയാണെന്നും അട്ടിമറിയുണ്ടാകുമെന്നും സേവ് യൂണിവേഴ്സി​റ്റി ക്യാമ്പയിൻ കമ്മി​റ്റി കുറ്റപ്പെടുത്തി.