പ്രവാസികളിൽ അത്യാവശ്യക്കാർക്ക് ക്വാറന്റൈൻ സൗകര്യം നൽകണം: ഉമ്മൻചാണ്ടി

Sunday 07 June 2020 10:56 PM IST

തിരുവനന്തപുരം:കൊവിഡ് സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള സർക്കാർ ക്വാറന്റൈൻ അവസാനിപ്പിക്കുകയും അവർ വീടുകളിൽ ക്വാറന്റൈനിലിരുന്നാൽ മതിയെന്നുമുള്ള തീരുമാനം ജൂൺ മൂന്നിന് എടുത്തിട്ട് ഇതുവരെ പറയാതിരുന്നത് ശരിയല്ലെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. വീടുകളിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ ക്വാറന്റൈൻ സൗകര്യം തുടർന്നും നൽകാൻ സംവിധാനമൊരുക്കണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

പ്രവാസികൾക്ക് എല്ലാ ജില്ലകളിലുമായി 2.5 ലക്ഷം കിടക്കകളുള്ള സൗകര്യം ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആ സൗകര്യത്തിന് എന്തു സംഭവിച്ചുവെന്ന് മുഖ്യമന്ത്രി തുറന്ന് പറയണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.