ആരാധനാലയങ്ങൾക്കുള്ള ഇളവിനെതിരെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യ മേൽശാന്തി

Sunday 07 June 2020 10:57 PM IST

കൊടുങ്ങല്ലൂർ: രാജ്യത്ത് കൊവിഡ് മഹാമാരി കൂടുതൽ വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ആരാധനാലയങ്ങൾക്ക് ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യ മേൽശാന്തി അഡ്വ. ത്രിവിക്രമനടികളുടെ ഫേസ് ബുക്ക് പോസ്റ്റ്. ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനത്തോട് വ്യക്തിപരമായുള്ള വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഇപ്പോഴുള്ള ഈ പ്രവൃത്തി മഴക്കാറ് കണ്ടപ്പോൾ കുട നിവർത്തിപ്പിടിച്ചു പെരുമഴ പെയ്തപ്പോൾ കുട മടക്കിയ പോലെയാകുമെന്നും അദ്ദേഹം പോസ്റ്റിൽ സൂചിപ്പിക്കുന്നു. രോഗ വ്യാപനം തടയുന്നതിനായി തത്കാലം പള്ളി തുറക്കേണ്ടെന്ന് പാളയം പള്ളി അധികാരികൾ കൈക്കൊണ്ട തീരുമാനം സ്വാഗതാർഹമാണ്. ഭണ്ഡാരസമർപ്പണമോ, കൊടിമരം സ്വർണം പൂശലോ, വാതിൽമാടം സ്വർണം പൊതിയലോ ഒന്നുമല്ല ഈശ്വരനിലേക്കെത്താനുള്ള മാർഗമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.