പന്നിക്കെണി തകർത്ത് പുറത്ത് ചാടിയ പുലിയെ മയക്കുവെടിയിൽ വീഴ്ത്തി

Sunday 07 June 2020 11:13 PM IST

സുൽത്താൻ ബത്തേരി: ഓടപ്പള്ളം പള്ളിപ്പടിയ്ക്കടുത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തിനോടു ചേർന്ന് പന്നിക്കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടെങ്കിലും വൈകാതെ മയക്കുവെടിവെച്ച് പിടികൂടി. ഇതിനെ ഇന്നോ നാളെയോ കാട്ടിലേക്ക് വിടും.

ഇന്നലെ രാവിലെ എട്ടരയോടെയാണ് കൊപ്പപറമ്പിൽ ഏലിയാസിന്റെയും തെക്കുംചേരി വിജിഷിന്റെയും സ്ഥലത്തിന്റെ അതിർത്തിയിലായി പുലിയെ കെണിയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിയെ പിടികൂടാൻ ഓട്ടോറിക്ഷ കേബിൾ കൊണ്ടുണ്ടാക്കിയതാണ് കെണി. ഇതിനടുത്തായി ആറ് കെണികൾ വെറേയുമുണ്ടായിരുന്നു.

വന്യജീവി മേധാവി പി.കെ.ആസിഫിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘവും പൊലീസും സ്ഥലത്തെത്തിയതോടെ പുലിയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. പുലിയെ വെടിവെക്കുന്നതിൽ വിദഗ്ധനായ ഡോ.അരുൺ സക്കറിയ നിലമ്പൂരിലായതിനാൽ അദ്ദേഹം എത്തുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. ഉച്ചയ്ക്ക് ഒന്നേമുക്കലോടെ ഡോ.അരുൺ സ്ഥലത്തെത്തി. മയക്കുവെടി വെക്കാനായി 10 മീറ്റർ അടുത്ത് എത്തിയപ്പോഴേക്കും പുലി ഒറ്റക്കുതിപ്പിന് കെണിപൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
തൊട്ടടുത്ത കൃഷിയിടത്തിലേക്കാണ് പുലി ഓടിമറഞ്ഞത്. നീണ്ട നേരത്തെ തെരച്ചിലിൽ കൃഷിയിടത്തിൽ പുലിയെ കണ്ടെത്തിയെങ്കിലും വലയിലാക്കാനുള്ള ശ്രമം വിജയിച്ചില്ല. പിന്നീട് അവിടെ നിന്നു രക്ഷപ്പെട്ട പുലി പഴശ്ശി നഗറിലെ ജോൺസന്റെ സ്ഥലത്ത് നിലയുറപ്പിച്ചു. അതിനിടയ്ക്ക് പുലിയെ വെടിവെച്ച് പിടികൂടണമെന്ന ആവശ്യവുമായി ജനങ്ങൾ സംഘടിച്ചു. വൈകിട്ട് ആറു മണിയോടെ പുലിയെ ഡോ.അരുൺ സക്കറിയ മയക്കുവെടിവെച്ച് വീഴ്ത്തുകയായിരുന്നു.
കെണികൾ വെച്ചവരെ കണ്ടെത്താൻ വനപാലകസംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.