ഗുരുവായൂരിൽ നാളെ മുതൽ വിശ്വാസികളെ പ്രവേശിപ്പിക്കില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Friday 12 June 2020 6:15 PM IST

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ ഭക്തർക്കു പ്രവേശനമുണ്ടായിരിക്കില്ലെന്നറിയിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൃശൂർ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഗുരുവായൂർ ഭരണസമിതി ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

ക്ഷേത്രത്തിന്റെ ചുറ്റുപാടിൽ കൊവിഡ് ആശങ്ക നിലനിൽക്കുന്നതും ചാവക്കാട് നഗരസഭ കൊവിഡ് ഹോട്സ്പോട്ടായി പ്രഖ്യാപിച്ചതും ഇങ്ങനെയൊരു തീരുമാനത്തിന് കാരണമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻകൂട്ടിച്ചേർത്തു. ക്ഷേത്ര സമിതിയുടെ തീരുമാനം സംസ്ഥാന സർക്കാർ അംഗീകരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും തുടരുമെന്നും ശനിയാഴ്ച നിശ്ചയിച്ചിരിക്കുന്ന രണ്ടു വിവാഹങ്ങൾക്കു അനുമതി നൽകിയതായും മന്ത്രി അറിയിച്ചു. അതേസമയം മറ്റന്നാൾ മുതൽ വിവാഹങ്ങൾ നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു.