ഊരാളുങ്കൽ സഹകരണ സൊസൈറ്റിയും ഡൻഡി സർവകലാശാലയും കൈകോർക്കുന്നു
കോഴിക്കോട്: മാനേജ്‌മെന്റ് രംഗത്ത് പുത്തൻ സാദ്ധ്യതകൾ തേടുന്നത് സംബന്ധിച്ച് സഹകരിച്ച് പ്രവർത്തിക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്ര് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (യു.എൽ.സി.സി.എസ്) സ്‌കോട്ട്ലൻഡിലെ ആഗോള പ്രശസ്‌തമായ യൂണിവേഴ്‌സിറ്രി ഒഫ് ഡൻഡീയും ധാരണയിൽ ഏർപ്പെട്ടു. അഡ്വാൻസ്ഡ് മാനേജ്‌മെന്റ്, കോ-ഓപ്പറേറ്റീവ് പ്രോഗ്രാംസ് എന്നിവയിൽ ലോകത്തെ ഏറ്രവും മികച്ച സർവകലാശാലകളിലൊന്നാണ് ഡൻഡി.
കോഴിക്കോട് യു.എൽ. സൈബർ പാർക്കിൽ നടന്ന ചടങ്ങിൽ യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി, ഡൻഡി സർവകലാശാല വൈസ് പ്രിൻസിപ്പൽ (ഇന്റർനാഷണൽ) വെൻഡി അലക്‌സാണ്ടർ എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്. ഡൻഡി സർവകലാശാല വൈകാതെ കോഴിക്കോട് സജ്ജമാക്കുന്ന സെന്ററിലൂടെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലും സ്‌കിൽ ഡെവലപ്‌മെന്റിലും മികച്ച സാദ്ധ്യതകൾ നേടാൻ കഴിയും. സിവിൽ എൻജിനിയറിംഗ്, അടിസ്ഥാനസൗകര്യം, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകി ഫിലാഡെൽഫിയയിലെ ലിഹൈ സർവകലാശാലയുമായും വൈകാതെ യു.എൽ.സി.സി.എസ് കൈകോർക്കും.