പേട്ട കൃഷ്‌ണൻകുട്ടി അന്തരിച്ചു

Saturday 13 June 2020 11:14 PM IST

തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ട്രേഡ് യൂണിയൻ രംഗത്തെ ശക്തനുമായ ആനയറ അരശുംമൂട് സുലതാലയത്തിൽ പേട്ട ജി.കൃഷ്ണൻകുട്ടി (89) അന്തരിച്ചു. ഇന്നലെ വൈകിട്ട് 6ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ 10ന് വഞ്ചിയൂർ ജംഗ്‌ഷനിൽ പൊതുദർശനത്തിന് വയ്ക്കും. 11ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും. ഭാര്യ: സുലത (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: കെ സുരേഷ് (റിട്ട. ഡി.സി.ബി), കെ.സന്തോഷ് (ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ), കെ.സനൽ (പഞ്ചായത്ത് ഡയറക്ടറേറ്റ്). മരുമക്കൾ: കെ. വി. ലതാദേവി, പി.എസ്.വൃന്ദ, എസ്.വി.രജനി.

തലസ്ഥാനത്ത് ചുമട്ടുതൊഴിലാളി പ്രസ്ഥാനം രൂപീകരിക്കുന്നതിലും മദ്യവ്യവസായ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കൃഷ്‌ണൻകുട്ടി നിർണായക പങ്ക് വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഭാരത് മാത പ്രസ് സമരം, ട്രാൻസ്‌പോർട്ട് സമരം എന്നിവയ്ക്ക് നേതൃത്വം നൽകി. ജയിൽവാസവും അനുഭവിച്ചു. ദീർഘകാലം സി.പി.എം തിരുവനന്തപുരം താലൂക്ക് കമ്മിറ്റി അംഗമായും തിരുവനന്തപുരം സിറ്റി കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. സി.പി.എം വഞ്ചിയൂർ, പേട്ട, വലിയതുറ ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയുമായിരുന്നു. സി.ഐ.ടി.യു ജില്ലാകമ്മിറ്റി അംഗം, ചുമട്ടു തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, സി.പി.എം ജനറൽ ഹോസ്‌പിറ്റൽ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.