മിഥുനമാസ പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കും

Saturday 13 June 2020 11:21 PM IST

ശബരിമല : മിഥുനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. കൊവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് ദർശനം അനുവദിക്കില്ല. പതിവ് പൂജകൾ നടത്തി 19ന് നട അടയ്ക്കും. മാർച്ച് 29 ന് കൊടിയേറേണ്ട ആറാട്ട് ഉത്സവം ലോക്ക്ഡൗൺ കാരണം നടത്താൻ കഴിയാതെ വന്നതോടെ മിഥുനമാസപൂജ പൂർത്തിയാകുന്ന 19 മുതൽ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഉത്സവം നടത്താൻ ദേവസ്വം ബോർഡ് ഒരുക്കങ്ങൾ നടത്തിയെങ്കിലും കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനാൽ ഉത്സവം നടത്തേണ്ടതില്ലെന്നും മിഥുന മാസപൂജയ്ക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കരുതെന്നും തന്ത്രി പിന്നീട് നിർദ്ദേശിച്ചത് വിവാദമായിരുന്നു. തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്ത്രിയുടെയും ദേവസ്വംബോർഡിന്റെയും യോഗം വിളിച്ചുചേർത്ത് ഉത്സവം ഒഴിവാക്കാനും മാസപൂജയ്ക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കേണ്ടെന്നും തീരുമാനിക്കുകയായിരുന്നു.