നിയന്ത്രണങ്ങളോടെ ഓച്ചിറക്കളി നാളെ

Saturday 13 June 2020 11:33 PM IST

തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ ആരംഭിക്കും. മിഥുനം ഒന്ന്, രണ്ട് തീയതികളിലായാണ് ക്ഷേത്രം എട്ടുകണ്ടത്തിൽ ഓച്ചിറക്കളി അരങ്ങേറുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം കളി ആചാരം മാത്രമായി ചുരുക്കാനാണ് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരിക്കുന്നത്. നിലവിലെ നിയന്ത്രണം അനുസരിച്ച് രാവിലെ മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം. ഇതിനുശേഷം ഭക്തജനങ്ങളെയും കാഴ്ചക്കാരെയും പൂർണമായും ഒഴിവാക്കിയായിരിക്കും കളി നടത്തുന്നത്.

കളി സംഘങ്ങളിലെ അംഗങ്ങളുടെ എണ്ണം അഞ്ചുവീതമാക്കി പരിമിതപ്പെടുത്താനും ഒരേ സമയം രണ്ടുസംഘങ്ങളെ മാത്രം കളത്തിലിറക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്.

കളിയോടനുബന്ധിച്ച് സാധാരണ നടക്കുന്ന ഘോഷയാത്രയിൽ നിന്ന് അലങ്കരിച്ച ഋഷഭം, ക്ഷേത്ര വാദ്യമേളം എന്നിവ ഒഴിച്ച് മറ്റെല്ലാം ഒഴിവാക്കും. അഞ്ചിൽ താഴെ മാത്രം കര പ്രതിനിധികൾ കളത്തിലിറങ്ങി കര പറഞ്ഞ് ഹസ്തദാനം ചെയ്തും കളിസംഘങ്ങൾ ചുവട് പറഞ്ഞ് വടി മുട്ടിയും കളി അവസാനിപ്പിക്കും.

സർക്കാർ തീരുമാനങ്ങൾ അംഗീകരിച്ച് ക്ഷേത്ര ഭരണസമിതിയോട് ഭക്തജനങ്ങൾ സഹകരിക്കണമെന്ന് സെക്രട്ടറി കളരിക്കൽ ജയപ്രകാശ് അറിയിച്ചു.