ഇന്ധനവില കൂട്ടി മോദിയുടെ കൊള്ള: എം.എം. ഹസ്സൻ
Sunday 14 June 2020 1:04 AM IST
തിരുവനന്തപുരം: മഹാമാരിയുടെ ദുരിതത്തിനിടയിൽ ദിനംപ്രതി ഇന്ധനവില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സൻ ആവശ്യപ്പെട്ടു.
ഒരാഴ്ചയ്ക്കിടെ പെട്രോളിന് 3.32 രൂപയും ഡീസലിന് 3.26 രൂപയുമാണ് വർദ്ധിപ്പിച്ചത്. അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡോയിലിന്റെ വില ബാരലിന് 30 ഡോളറിൽ താഴെയാണ്. എണ്ണവില ഇനിയും വർദ്ധിപ്പിക്കുമെന്നാണ് സൂചന. ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് പകരം ദുരിതക്കയത്തിൽ മുക്കിക്കൊല്ലുകയാണ്. ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയില്ലെങ്കിൽ ജനങ്ങളുടെ രോഷാഗ്‌നിയിൽ മോദിയും കേന്ദ്രസർക്കാരും വെണ്ണീറാകുമെന്ന് ഹസ്സൻ പറഞ്ഞു