സ്വകാര്യ ലാബുകളെ സഹായിക്കാൻ സർക്കാർ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ

Sunday 14 June 2020 1:50 AM IST

തിരുവനന്തപുരം: കൊവിഡ് പരിശോധനയുടെ പേരിൽ സംസ്ഥാന സർക്കാർ വൻ അഴിമതിക്ക് കളമൊരുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ശസ്ത്രക്രിയയ്ക്കായി സർക്കാർ, സ്വകാര്യ ആശുപത്രികളിലെത്തുന്നവർ കൊവിഡ് ടെസ്റ്റ് നടത്തി ഫലവുമായി വരണമെന്ന ഉത്തരവ് ഇതിന്റെ ഭാഗമാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
ഇത് സ്വകാര്യ മേഖലകളിലെ ചില കൊവിഡ് പരിശോധനാ ലാബുകളെ സഹായിക്കാനാണ്.
സംസ്ഥാനത്ത് 5 കേന്ദ്രങ്ങൾക്കാണ് കൊവിഡ് പരിശോധനയ്ക്ക് അനുമതിയുള്ളത്. ഇതിൽ രണ്ടെണ്ണം ലാബുകളും മൂന്ന് എണ്ണം ആശുപത്രികളുമാണ്. കൊവിഡ് പരിശോധനയ്ക്ക് വൻ തുകയാണ് സ്വകാര്യ ലാബുകളും ആശുപത്രികളും ഈടാക്കുന്നത്. സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയകൾക്കെത്തുന്ന പാവങ്ങൾക്ക് ഇത് താങ്ങാനാകില്ല. കൊവിഡ് കാലത്ത് സ്വകാര്യ ലാബുകൾക്ക് കൊള്ള ലാഭം നേടിക്കൊടുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം.
പ്രവാസികളുടെ കൊവിഡ് പരിശോധനാ കാര്യത്തിലും സർക്കാർ നിലപാട് തിരുത്തണമെന്ന് സുരേന്ദ്രൻ പറഞ്ഞു. ചാർട്ടേർഡ് വിമാനങ്ങളിൽ എത്തുന്നവർ 48 മണിക്കൂറിനുള്ളിലുള്ള കൊവിഡ് പരിശോധനാഫലം ഹാജരാക്കണമെന്ന ഉത്തരവ് പ്രവാസികളോടുള കടുത്ത ക്രൂരതയാണ്.