അമിത വൈദ്യുതി ബില്ലിനെതിരെ യു.ഡി.എഫിന്റെ ലൈറ്റണച്ച് സമരം

Thursday 18 June 2020 3:00 AM IST
UDF

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ മറവിൽ ഭീമമായ വൈദ്യുതി ബിൽ അടിച്ചേൽപ്പിച്ചതിനെതിരെ മൂന്ന് മിനിറ്റ് വൈദ്യുതി വിളക്കുകൾ കെടുത്തി സംസ്ഥാനമൊട്ടാകെ യു.ഡി.എഫ് ലൈറ്റ്സ് ഒഫ് കേരള സമരം നടത്തി. രാത്രി ഒമ്പത് മുതൽ മൂന്ന് മിനിറ്റ് നേരമായിരുന്നു പ്രതിഷേധം.
തിരുവനന്തപുരത്ത് കന്റോൺമെന്റ് ഹൗസിൽ എല്ലാ വൈദ്യുത വിളക്കുകളും അണച്ച് മെഴുകുതിരി വെളിച്ചത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങളായ എ.കെ. ആന്റണിയും കെ.സി. വേണഗോപാലും ഡൽഹിയിലെയും, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരം അമ്പലമുക്കിലെയും വസതിയിലും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജഗതിയിലെ പുതുപ്പള്ളി ഹൗസിലും , മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പാണക്കാട്ടെ ദാർ ഉൽ നയീമിലും , ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്തെ പാണ്ടിക്കടവത്ത് ഹൗസിലും, ഡോ. എം.കെ. മുനീർ എം.എൽ.എ കോഴിക്കോട്ടെ സി.എച്ച്. റോഡിലെ ക്രസന്റ് ഹൗസിലും, കേരളാ കോൺഗ്രസ് നേതാക്കളായ പി.ജെ. ജോസഫ് തൊടുപുഴ പുറപ്പുഴയിലെ പാലത്തിനാൽ വീട്ടിലും, ജോസ് കെ. മാണി പാലായിലെ കരിങ്ങോഴക്കൽ വീട്ടിലും, ആർ.എസ്.പി നേതാവ് എ.എ. അസീസ് കൊല്ലം ഉമയനെല്ലൂരിലെ കരീഴകത്ത് വീട്ടിലും, സി .എം.പി നേതാവ് സി.പി. ജോൺ വഴുതക്കാട്ടെ .വസതിയിലും , ഫോർവേർഡ് ബ്‌ളോക്ക് നേതാവ് ദേവരാജൻ കൊല്ലത്തെ രാമൻകുളങ്ങര രമ്യഹൗസിലും , കെ.മുരളീധരൻ എം.പി കോഴിക്കോട്ടെയും, വി.എം. സുധീരൻ ഗൗരീശപട്ടത്തെയും, എം.എം. ഹസൻ വഴുതക്കാട്ടെയും വസതിയിലും വൈദ്യുതി വിളക്കുകളണച്ച് പ്രതിഷേധിച്ചു .