കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: കേന്ദ്രം തീരുമാനമെടുത്തിട്ടില്ല,​വിമാന കമ്പനികളോടാണ് കേരളം ആവശ്യം ഉന്നയിക്കുന്നതെന്ന് വി.മുരളീധരൻ

Thursday 18 June 2020 3:55 PM IST

തിരുവനന്തപുരം: വന്ദേഭാരത് മിഷൻ വഴി വരുന്ന പ്രവാസികളും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന സംസ്ഥാന സർക്കാരിന്റെ കത്തിൽ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ വിദേശത്ത് നിന്ന് കൊണ്ടുവരാവൂ എന്ന് വിമാന കമ്പനികളോടാണ് കേരളം ആവശ്യം ഉന്നയിക്കുന്നത്.

കേന്ദ്രത്തോട് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നേരത്തെ ജൂൺ 20 മുതൽ ചാർട്ടേഡ് ഫ്ലൈറ്റിൽ വിദേശത്തുനിന്നുവരുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

വന്ദേഭാരത് മിഷൻ വഴി വരുന്നവരും കൊവിഡ് സർട്ടിഫിക്കറ്രുമായി വരണമെന്നാണ് ഇപ്പോൾ കേരളത്തിന്റെ ആവശ്യം. ഇത് അംഗീകരിച്ചാൽ വന്ദേഭാരത് മിഷൻ വഴിയുള്ള പ്രവാസികളുടെ വരവ് നിലയ്ക്കുമോ എന്ന ആശങ്കയുമുണ്ട്.