കൂടുതൽ ഇളവുകളുമായി ദുബായ്,​ വിമാനത്താവളങ്ങൾ സജ്ജമെന്ന് ഒമാൻ

Friday 19 June 2020 12:28 AM IST

ദുബായ് : ദുബായിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇന്നലെ മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പ്രായമായവർക്കും 12 വയസിൽ താഴെയുള്ള കുട്ടികൾക്കും ഏർപ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണം നീക്കി. ഇന്നലെ മുതൽ എല്ലാ പ്രായത്തിലുള്ളവർക്കും പൊതുസ്ഥലങ്ങളിലും ഷോപ്പിംഗ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പോകാം. എന്നാൽ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെയുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം.

അതേസമയം ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റുകളിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും.

അതേസമയം,​ കൊവിഡ് നിയന്ത്രണ ചുമതലയുള്ള സുപ്രീം കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ വിമാന സർവീസുകൾ ആരംഭിക്കാൻ പൂർണസജ്ജമാണെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു. സുരക്ഷയും അന്താരാഷ്ട്ര ചട്ടങ്ങൾ പ്രകാരമുള്ള മുൻകരുതലും പാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

ഗൾഫ് കൊവിഡ് മീറ്റർ

സൗദി: 1,41,234-1091

ഖത്തർ: 83,174 - 82

യുഎഇ:43,364 - 295

ബഹ്റൈൻ:19,961 - 52

ഒമാൻ:26,818 - 119

കുവൈറ്റ്: 37,533 - 306