മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം: കെ.സുരേന്ദ്രൻ

Friday 19 June 2020 1:21 AM IST

കോഴിക്കോട്: പ്രവാസികളുടെ മടങ്ങിവരവിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രവാസികളെ വിലക്കുന്ന സംസ്ഥാന സർക്കാർ നിലപാട് പിൻവലിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് കളക്‌ടറേറ്റിന് മുന്നിൽ ഇന്നലെ രാവിലെ സത്യാഗ്രഹം തുടങ്ങിയതിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് ടെസ്റ്റ് കഴിഞ്ഞുവേണം പ്രവാസികൾ മടങ്ങിവരാനെന്ന സംസ്ഥാനത്തിന്റെ തീരുമാനം പ്രായോഗികമല്ല. ഇവിടെ വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യ മൊരുക്കുകയാണ് വേണ്ടത്. എല്ലാ പ്രവാസികളെയും തിരിച്ചുകൊണ്ടുവരുമെന്ന് പിണറായി നേരത്തെ പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്തെ സ്ഥിതിഗതികൾ കൈവിട്ടു പോയതോടെയാണ് ഇപ്പോൾ നിലപാട് മാറ്റിയത്. പ്രവാസികളോടുള്ള മനുഷ്യത്വരഹിതമായ നിലപാട് സർക്കാർ മാറ്റിയില്ലെങ്കിൽ പതിവ് സമരമുറകളിലേക്ക് ബി.ജെ.പി കടക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, കെ.പി.പ്രകാശ് ബാബു, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.