ഓഫീസുകളിൽ പകുതി പേർ മതി : മുഖ്യമന്ത്രി

Friday 19 June 2020 1:26 AM IST

തിരുവനന്തപുരം : കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കൂടുതൽ കർശനമാക്കുമെന്നും സർക്കാർ ഓഫീസുകളിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരുസമയം ഓഫീസിൽ പകുതി ആളുകൾ മതി. വീടുകളിൽ നിന്ന് ജോലി ചെയ്യുന്നത് തുടരണം. ഓഫീസുകളുടെ പ്രവർത്തനം മുടങ്ങാതിരിക്കാനാണിത്.

ഓഫീസ് മീറ്റിംഗുകൾ ഓൺലൈനാകണം. ഓഫീസുകളിലെ സുരക്ഷ പാളിയതിന്റെ ഫലമാണ് അയൽ സംസ്ഥാനത്ത് സെക്രട്ടേറിയറ്റിൽ സംഭവിച്ചത്. അതുകൊണ്ട് നിയന്ത്രണം തുടർന്നേ തീരൂ. ഓഫീസ് പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി നിരീക്ഷിച്ച് ഉറപ്പു വരുത്തും.

കൊവിഡ് ഡ്യൂട്ടിക്ക് ആളുകളെ അതത് ജില്ലകളിൽ നിന്ന് പൂൾ ചെയ്ത് നിയോഗിക്കും. കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവർ ആസമയത്ത് കുടുംബത്തോടൊപ്പം താമസിക്കരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഇതിന്റെ ഉത്തരവ് ഉടൻ ഇറങ്ങും. ഓഫീസുകളിലെ കൊവിഡ് നിയന്ത്റണങ്ങൾ പിൻവലിച്ച് കഴിഞ്ഞ ആഴ്‌ച സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെ ജീവനക്കാർ എല്ലാം ഓഫീസിൽ എത്തി തുടങ്ങി. പിന്നാലെയാണ് പുതിയ തീരുമാനം.