തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു

Thursday 18 June 2020 10:33 PM IST

തിരുവനന്തപുരം : പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (48) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സച്ചിയെ ആശുപത്രിയിൽ എത്തിച്ചത്. നേരത്തെ, വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ സച്ചിയെ ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ബോധം തെളിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

തൃശൂരിലെ കൊടുങ്ങല്ലൂരിലാണ് കെ.ആ‍ർ.സച്ചിദാനന്ദൻ എന്ന സച്ചിയുടെ ജനനം. മാല്യങ്കര എസ്.എൻ‌.എം കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും എറണാകുളം ഗവ.ലാ കോളേജിൽ നിന്ന് എൽ.എൽ.ബിയും പൂർത്തിയാക്കി. 8 വർഷം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു.

സച്ചി രചനയും സംവിധാനവും നിർവഹിച്ച അയ്യപ്പനും കോശിയും വലിയ വിജയം നേടിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കിയുള്ള അനാർക്കലിക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ്. സച്ചി തിരക്കഥയെഴുിയ ഡ്രൈവിംഗ് ലൈസൻസും വിജയം നേടിയിരുന്നു.

2007 ൽ പുറത്തിറങ്ങിയ ചോക്കലേറ്റ് എന്ന ചിത്രത്തിൽ സേതുവിനൊപ്പം തിരക്കഥകൃത്തായാണ് സച്ചിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന സച്ചി - സതു കൂട്ടുകെട്ടിൽ റോബിൻഹുഡ്,​ മേക്കപ്പ്മാൻ,​ സീനിയേഴ്സ്,​ ഡബിൾസ് എന്നീ ചിത്രങ്ങളിലും തിരക്കഥയൊരുക്കി. ജോഷി സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം റൺ ബേബി റണ്ണിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. തുടർന്ന് ചേട്ടായീസ്,​ അനാർക്കലി,​ രാമലീല,​ ഷെർലക്ക് ടോംസ്,​ ഡ്രൈവിംഗ് ലൈസൻസ്,​ അയ്യപ്പനും കോശിയും എന്നിവയ്ക്ക് തിരക്കഥയൊരുക്കി. ഇതിൽ 2015ൽ പുറത്തിറങ്ങിയ അനാർക്കലിയിലൂടെയാണ് സച്ചി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജ് നായകനായ ചിത്രം ഗംഭീരവിജയം നേടിയിരുന്നു. തുടർന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത അയ്യപ്പനും കോശിയും മികച്ച വിജയം നേടി.