കൊവിഡിലും കുലുങ്ങാതെ കയർ മേഖല

Friday 19 June 2020 12:02 AM IST
സതീശനും തൊഴിലാളികളും

കുറ്റിപ്പുറം : കൊവിഡ് പ്രതിസന്ധിയിലും തളരാതെ മുന്നേറുകയാണ് പരമ്പരാഗത കയർ വ്യവസായം. പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്നതോടെ നാരുകയറിന് ആവശ്യക്കാരേറിയത് ഈ മേഖലയിലുള്ളവർക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്.

30 വർഷമായി പൊൽപ്പാക്കരയിൽ പ്രവർത്തിക്കുന്ന പരമ്പരാഗത കയർ യൂണിറ്റിൽ നിന്ന് ഇപ്പോഴും നാരുകയർ പുറംനാടുകളിലേക്ക് കയറ്റിയയക്കുന്നുണ്ട്. 13 തൊഴിലാളികളാണ് ഇവിടെയുള്ളത്.

മണ്ണൊലിപ്പ് തടയാനാനായുള്ള ജിയോടെക്സ്റ്റൈൽ പദ്ധതിയിൻ കീഴിലുള്ള കയർ ഭൂവസ്ത്രം പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കാർപ്പറ്റുകൾ, ചവിട്ടികൾ,​ പെയിന്റ് ബ്രഷുകൾ, മാറാല നീക്കാനുള്ള ഉപകരണം, തറ വൃത്തിയാക്കാനുള്ള ബ്രഷുകൾ,​ വിവിധ അലങ്കാരങ്ങൾ എന്നിവയിലും ചകിരി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കിണറുകളിൽ വെള്ളം കോരാൻ ഉപയോഗിക്കുന്ന കയറുകൾക്ക് ഇന്നും നല്ല ഡിമാൻഡുണ്ട്. ഇടയ്ക്ക് പ്ളാസ്റ്റിക് കയറുകൾ ഈ സ്ഥാനം നേടിയെടുത്തിരുന്നെങ്കിലും പ്ളാസ്റ്റിക് നാരുകൾ വെള്ളത്തിൽ അടർന്നു വീഴുന്നത് കാരണം ആളുകൾ വീണ്ടും പരമ്പരാഗത കയറിലേക്ക് തിരിഞ്ഞു. ചൂടിക്കയർ,​ മുപ്പിരികയർ. വടം തുടങ്ങിയവയാണ് പ്രധാനമായും ഇവിടെ ഉണ്ടാക്കുന്നത്. ചൂടിക്കയറിനാണ് ആവശ്യക്കാരേറെ.

ഇപ്പോഴും കയറിനുള്ള ഓർഡർ ധാരാളമായി ലഭിക്കുന്നുണ്ട്. സർക്കാരിൽ നിന്നും നല്ല പിന്തുണ കിട്ടുന്നുണ്ട്. അതിനാൽ കൊവിഡ് കാലം വലിയ പ്രതിസന്ധി സൃഷ്ടിച്ചില്ല

സതീശൻ,​ കയർവ്യവസായ സംരംഭകൻ