മകൻ തല്ലിച്ചതച്ച അച്ഛനെ അഗതി മന്ദരത്തിലാക്കി

Thursday 18 June 2020 11:33 PM IST
മദ്യപിച്ചെത്തിയ മകന്റെ അതിക്രൂര മർദ്ദനത്തിനിരയായ പിതാവിനെ പൊലീസും പൊതു പ്രവർത്തകരും ചേർന്ന് അഗതി മന്ദിരത്തിലാക്കിയപ്പോൾ

തിരുവല്ല : മദ്യപിച്ചെത്തിയ മകന്റെ ക്രൂര മർദ്ദനത്തിനിരയായ പിതാവിനെ പൊലീസും പൊതുപ്രവർത്തകരും ചേർന്ന് അഗതി മന്ദിരത്തിലാക്കി. കഴിഞ്ഞ ദിവസം മകൻ അനിലിന്റെ ക്രൂര മർദ്ദനത്തിനിരയായ കവിയൂർ കണിയാമ്പാറ പനങ്ങാടിയിൽ കൊടഞ്ഞൂർ വീട്ടിൽ അനിയൻ (ഏബ്രാഹം ജോസഫ് -57) നെയാണ് വ്യാഴാഴ്ച ഉച്ചയോടെ അടൂർ മഹാത്മാ ജനസേവാ കേന്ദ്രത്തിലാക്കിയത്. അനിയനും അനിലും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഭാര്യ മകൾക്കൊപ്പമാണ് താമസം. അനിൽ മദ്യപിച്ചെത്തി പതിവായി അനിയനെ മർദ്ദിക്കുമായിരുന്നു. കഞ്ചാവ് വിൽപനയും അടിപിടിയും അടക്കം നിരവധി കേസുകളിൽ പ്രതിയാണ്അനിൽ.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മർദ്ദിക്കുന്നത് സമീപ വാസികളിലാരോ മൊബൈലിൽ പകർത്തിയിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു. ഒളിവിൽ കഴിയുന്ന അനിലിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി തിരുവല്ല ഡിവൈ.എസ്.പി ടി രാജപ്പൻ പറഞ്ഞു

തിരുവല്ല സി.ഐ സി.എസ് വിനോദ്, സി.പി.ഒ മാരായ സജിത് രാജ്, നവീൻ, മാത്യു, സി.പി.എം പടിഞ്ഞാറ്റുംചേരി ബ്രാഞ്ച് സെക്രട്ടറി ജോർജ്ജ് റ്റി വർഗീസ്, ലോക്കൽ കമ്മറ്റിയംഗങ്ങളായ എസ്.സതീഷ്, ഷിബു മാത്യു എന്നിവർ ചേർന്നാണ് വ്യാഴാഴ്ച ഉച്ചയോടെ ഏബ്രഹാമിനെ ജനസേവാ കേന്ദ്രത്തിൽ എത്തിച്ചത്. .