വായിക്കാൻ വിജയന് കൂട്ട് കണ്ണട, പിന്നെയൊരു ലെൻസും
പത്തനംതിട്ട : പി.കെ.വിജയന് വായിക്കാൻ കണ്ണും കണ്ണടയും മാത്രംപോര. കൈയിലൊരു ലെൻസും വേണം.
ഇടത് കണ്ണിന് കാഴ്ചയില്ലാത്ത വിജയന് വായനയില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. വലത് കണ്ണിന് അമ്പത് ശതമാനം മാത്രമേ കാഴ്ചയേയുള്ളു. അഞ്ച് പോയിന്റുള്ള കണ്ണടയുണ്ട്. കണ്ണടയിൽ കൂടുതൽ പവർ വന്നാൽ കണ്ണിന് ദോഷമാകും. അതുകൊണ്ടാണ് ലെൻസിനെ ആശ്രയിക്കുന്നത്.
കോഴഞ്ചേരി ഈസ്റ്റിൽ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് കോളനിയിലാണ് താമസം.
പതിനഞ്ചാം വയസിൽ വായന തുടങ്ങിയതാണ്. അന്ന് പുസ്തകം വിലകൊടുത്ത് വാങ്ങി വായിക്കാൻ കഴിയില്ലായിരുന്നു. അയിരൂരിലെ എസ്.എസ്.വി ലൈബ്രറിയായിരുന്നു ആശ്രയം. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ പ്രീഡിഗ്രിക്കെത്തിയതോടെ അവിടുത്തെ ലൈബ്രറി, ജീവിതത്തിന്റെ ഭാഗമായി. ഇപ്പോൾ സ്വന്തമായി രണ്ടായിരം പുസ്തകങ്ങളുണ്ട്.
അമ്പത് വയസ് കഴിഞ്ഞപ്പോൾ പ്രമേഹം മൂലമാണ് കാഴ്ച കുറയാൻ തുടങ്ങിയത്. തിരുവല്ലയിലെ ഡോ. എം.എം തോമസ് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിൽ ലൈബ്രേറിയനാണ് വിജയൻ .
മുമ്പ് ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ചെങ്ങറ സമരത്തിലും പങ്കാളിയായിരുന്നു. ഇപ്പോൾ ട്രേഡ് യൂണിയൻ രംഗത്തുണ്ട്. ഭാര്യ സിസിലിയും മകൾ അയിഷയും അടങ്ങുന്നതാണ് കുടുംബം.
-------------------
പുതിയ തലമുറ വായനയിലൂടെ സാമൂഹ്യബോധം ആർജിച്ചവരാണ്. അവരുടെ എഴുത്തുകൾ സോഷ്യൽ മീഡിയയിൽ വായിക്കുമ്പോൾ അത് മനസിലാക്കാം. ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനുമുള്ള അവരുടെ വ്യഗ്രത വായനയിലൂടെ രൂപപ്പെട്ടതാണ്.
വിജയൻ