ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ബെൽ 22 മുതൽ
ജില്ലയിൽ ആകെ 3590 ഭിന്നശേഷി വിദ്യാർത്ഥികൾ
പാലക്കാട്: ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പ്രത്യേക പരിഗണ അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനം 22 മുതൽ ആരംഭിക്കും. ഇവർക്കായി സമഗ്ര ശിക്ഷ കേരള ആവിഷ്കരിച്ച 'വൈറ്റ് ബോർഡ് ' പദ്ധതി പ്രകാരമാണ് ക്ലാസ്. ആദ്യഘട്ടത്തിൽ ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പഠനം.
മുഴുവൻ ഭാഷാവിഷയങ്ങളിലും വൈറ്റ് ബോർഡ് പഠനം ലഭ്യമാക്കും. എസ്.എസ്.കെയുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ 190 റിസോഴ്‌സ് അദ്ധ്യാപകർ തയ്യാറാക്കിയ പാഠഭാഗം നിലവിൽ ഹെഡ് ഓഫീസിലേക്ക് അയച്ചു. പ്രവർത്തനം വിലയിരുത്തിയ ശേഷം 22 മുതൽ ക്ലാസ് ലഭ്യമാകും. ജില്ലയിൽ 3590 ഭിന്നശേഷി വിദ്യാർത്ഥികളാണുള്ളത്.
വാട്‌സ് ആപ്പ് വഴിയും ക്ലാസ്
യുട്യൂബ് സംവിധാനത്തിന് പുറമെ റിസോഴ്‌സ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരടങ്ങുന്ന വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചും പാഠഭാഗം കുട്ടികളിലെത്തിക്കും. ഓരോ കുട്ടികൾക്കും വേണ്ട വർക്ക് ഷീറ്റുകളും വീടുകളിൽ നേരിട്ടെത്തിക്കും. അഞ്ചാംതരത്തിലെ മലയാളം, ആറാംതരത്തിലെ ഗണിതം എന്നിവയുടെ പാഠഭാഗമാണ് ജില്ലയിൽ തയ്യാറാക്കിയത്. ഫസ്റ്റ് ബെല്ലിൽ ലഭ്യമായ പാഠഭാഗങ്ങളിലെ ആശയം ചോരാതെയാണ് റിസോഴ്‌സ് അദ്ധ്യാപകർ പാഠ്യപദ്ധതി തയ്യാറാക്കുന്നത്. ജില്ലയിലെ പൊതുകേന്ദ്രങ്ങളിലും പഠനസൗകര്യം ലഭ്യമാക്കും. ആദ്യഘട്ടത്തിന് ശേഷം എട്ടുമുതലുള്ള വിദ്യാർത്ഥികൾക്കും ക്ലാസാരംഭിക്കും.
-കെ.എൻ.കൃഷ്ണകുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ, എസ്.എസ്.കെ.