'കൊവിഡ് ജാഗ്രത" സൂപ്പർ ഹിറ്റ്

Saturday 20 June 2020 12:38 AM IST

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിനായി ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായി പുറത്തിറക്കിയ കൊവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷൻ സൂപ്പർ ഹിറ്റ്. ഇതിനകം 70 ലക്ഷം ഹിറ്റുകളാണ് ആപ്ലിക്കേഷന് ലഭിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം, കൊവിഡ് ബാധിതരുടെ നിരീക്ഷണം, ചികിത്സ സാദ്ധ്യമാക്കൽ എന്നിവയ്‌ക്കുവേണ്ടി സർക്കാരിനായാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച മാർച്ച് 19നാണ് അപ്ലിക്കേഷൻ പ്രവർത്തനക്ഷമമാക്കിയത്.

പ്രവർത്തനം കാര്യക്ഷമം

ഹോം ക്വാറന്റൈനിലുള്ള വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണം, പരിപാലനം, പരാതികൾ സമർപ്പിക്കൽ, പ്രശ്ന പരിഹാരം എന്നിവയ്‌ക്കുള്ള ഓൺലൈൻ സംവിധാനം ആപ്പിലൂടെ കാര്യക്ഷമമായി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും തിരികെയെത്തുന്നവരുടെ ട്രാവൽ പാസ് സംവിധാനവും ആപ്ലിക്കേഷനിലുണ്ട്. ട്രാവൽ പാസുകൾ, റൂം ക്വാറന്റൈനിലുള്ളവരുടെയും സമ്പർക്ക പട്ടികയിലുള്ളവരുടെയും നിരീക്ഷണം, കൊവിഡ് കെയർ സെന്ററുകളുടെയും ആശുപത്രികളുടെയും മാനേജ്‌മെന്റ്, കൊവിഡ് ടെസ്റ്റിംഗ് വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി എല്ലാ ജില്ലകൾക്കും ഉപയോഗിക്കാവുന്ന സമഗ്രമായ പകർച്ചവ്യാധി മാനേജുമെന്റ് സംവിധാനമാണ് ആപ്ലിക്കേഷനിലുള്ളത്.

 മറ്റ് പ്രവർത്തനങ്ങൾ

ടെലി മെഡിസിൻ കൺസൾട്ടേഷൻ, ഓൺലൈൻ ഒ.പി സംവിധാനം, ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാനും വിദഗ്‌ദ്ധചികിത്സ നിർദ്ദേശിക്കാനുമുള്ള സൗകര്യം, മരുന്ന് കുറിപ്പടി ഉടൻ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണവും ഫലവും രേഖപ്പെടുത്തും, രോഗിയുമായി സമ്പർക്കം പുലർത്തിയവരെ തിരിച്ചറിയുന്നതിനും കൂടുതൽ വിവരം ശേഖരിക്കാനുമുള്ള മാർഗവും അപ്ലിക്കേഷനിലുണ്ട്. മൺസൂൺ തയ്യാറെടുപ്പുകളുടെ മേൽനോട്ടം, റിവേഴ്‌സ് ക്വാറന്റൈൻ തുടങ്ങിയ വിവരങ്ങൾക്കനുസരിച്ച് ഇടപെടാനുള്ള സംസ്ഥാന - ജില്ലാ തല ഡാഷ്‌ ബോർഡുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജില്ലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ (എഫ്.എൽ. ടി.സികൾ) അടക്കമുള്ള സംസ്ഥാനത്തെ 51 കൊവിഡ് ആശുപത്രികളും ഇതുപയോഗിക്കുന്നുണ്ട്. വിദഗ്ദ്ധ ഡോക്ടർമാർക്ക് രോഗികൾക്ക് നൽകുന്ന സേവനങ്ങൾ വിശകലനം ചെയ്യാനും ആശുപത്രി രേഖകൾ പരിശോധിക്കാനും ഇതിലൂടെ സാധിക്കും. സ്‌ക്രീനിംഗ് കേന്ദ്രങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, വാർഡ് റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ, കൊവിഡ് കെയർ സെന്ററുകൾ, ആശുപത്രികൾ, ആരോഗ്യ അഡ്മിനിസ്‌ട്രേഷൻ എന്നിവയ്ക്ക് മികച്ചതും തടസരഹിതവുമായ വിവരം ആപ്ലിക്കേഷൻ ലഭ്യമാക്കും.

ലക്ഷ്യം

 വിവരങ്ങൾ സുതാര്യമായി ജനങ്ങളിലെത്തിക്കുക

 സമൂഹവ്യാപനം ഒഴിവാക്കുക

 പൊതുജനാരോഗ്യ സുരക്ഷ