കാസർകോട് നാലു പേർക്ക് കൂടി കൊവിഡ്‌

Saturday 20 June 2020 12:03 AM IST

കാസർകോട്: ജില്ലയിൽ നാലു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേർ വിദേശത്ത് നിന്നും രണ്ട് പേർ മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. മഹാരാഷ്ട്രയിൽ നിന്ന് ജൂൺ ഒമ്പതിന് ട്രെയിനിൽ വന്ന 58 വയസുള്ള മീഞ്ച സ്വദേശി, ജൂൺ 14 ന് ട്രെയിനിലെത്തിയ 59 വയസുള്ള ഉദുമ സ്വദേശി എന്നിവർക്കും ജൂൺ 12 ന് ദുബായിൽ നിന്നെത്തിയ 18 വയസുള്ള ചെമ്മനാട് സ്വദേശി, ജൂൺ 14 ന് കുവൈത്തിൽ നിന്ന് വന്ന 36 വയസുള്ള ഉദുമ സ്വദേശി എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.

അതേസമയം കൊവിഡ് ചികിത്സയിലുണ്ടായിരുന്ന നാലുപേർക്ക് ഇന്നലെ നെഗറ്റീവായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 21 വയസുള്ള മംഗൽപാടി സ്വദേശിനി, പടന്നക്കാട് കൊവിഡ് സെന്ററിൽ ചികിത്സയിലായിരുന്ന 58 വയസുള്ള വലിയ പറമ്പ സ്വദേശി, ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 40 വയസുള്ള പുല്ലൂർ പെരിയ സ്വദേശി, പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 30 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശിനി എന്നിവർക്കാണ് കൊവിഡ് നെഗറ്റീവായത്.

നിലവിൽ വീടുകളിൽ 3715 പേരും സ്ഥാപന നിരീക്ഷണത്തിൽ 330 പേരുമടക്കം ജില്ലയിൽ 4045 പേരാണ് നിരീക്ഷണത്തിലുള്ളത്.