ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് ഭാര്യ മരിച്ചു
ചാത്തന്നൂർ: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് ഭാര്യ മരിച്ചു. ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടനാട് ചരുവിള പുത്തൻ വീട്ടിൽ ബിജുവിന്റെ ഭാര്യ ഷേർളി ബിജുവാണ് (39) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ദേശീയപാതയിൽ ചാത്തന്നൂർ പെട്രോൾ പമ്പിന് സമീപത്തെ എസ്.ബി.ടിക്ക് മുന്നിലായിരുന്നു അപകടം. ബാങ്കിൽ നിന്നും ഇറങ്ങയ ഇരുവരും തിരുമുക്കിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കവേ ചാത്തന്നൂരിലേക്ക് പോവുകയായിരുന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിന് പിന്നിലിരുന്ന ഷേർളി റോഡിലേക്ക് തെറിച്ചു വീണു. കളിയാകുളം സ്വദേശികളായ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഷേർളിയെയും ബിജുവിനെയും നാട്ടുകാർ ആംബുലൻസിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഷേർളിയുടെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ഗുജറാത്തിൽ ജോലി ചെയ്യുന്ന ബിജു 22 ദിവസം മുൻപ് നാട്ടിലെത്തി ക്വാറന്റൈൻ പൂർത്തിയാക്കി കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷേർളിയുടെ മൃതദേഹം ഇന്ന് കൊവിഡ് പരിശോധനയ്ക്ക് ശേഷം തുടർ നടപടികൾ പൂർത്തിയാക്കും. മക്കൾ: മുഖത്തല സെന്റ് ജൂഡ് സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായ ഷിബിൻ, എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ഷിബിയ.