മന്ത്രി ശൈലജയ്ക്ക് എതിരായ മുല്ലപ്പള്ളിയുടെ പരാമർശം വിവാദത്തിൽ

Saturday 20 June 2020 12:59 AM IST

തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ കെ.പി. സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശം വിവാദത്തിൽ.

കൊവിഡ് റാണി, നിപ്പ രാജകുമാരി പദവികൾ നേടാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നാണ് ,പ്രവാസി സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ ഇന്നലെ സെക്രട്ടേറിയറ്റ് നടയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസസമരം ഉദ്ഘാടനം ചെയ്യവെ മുല്ലപ്പള്ളി പരിഹസിച്ചത്. നിപ കാലത്ത് ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയാണ് മന്ത്രി കോഴിക്കോട്ട് വന്ന് പോയത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പകരം പേരെടുക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

മുല്ലപ്പള്ളിയുടെ പരാമർശങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത് .മുല്ലപ്പള്ളിക്ക് സ്വബോധം നഷ്ടപ്പെട്ടെന്നും, ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ആരോഗമ മന്ത്രിയെ അപമാനിച്ചെന്നും മന്ത്രി എം.എം .മണി വിമർശിച്ചു.

അതേസമയം ,മന്ത്രി ശൈലജക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും ,താൻ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. നിപ്പയെ അതിജീവിച്ചതിന്റെ ക്രെഡിറ്റ് ആരോഗ്യ പ്രവർത്തകർക്കാണ്. മുഖ്യ മന്ത്രിക്കോ ആരോഗ്യമന്ത്രിക്കോ അല്ലെന്നും അദ്ദേഹം പറഞ്ഞു.