പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം: ഇടപെടില്ലെന്ന് സുപ്രീം കോടതി

Saturday 20 June 2020 12:09 AM IST

ന്യൂഡൽഹി: കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെയുള്ള ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ തങ്ങൾ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അദ്ധ്യക്ഷതയിലുള്ള എസ്.കെ.കൗൾ, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ചുള്ള നിരീക്ഷണങ്ങളും കോടതിയിൽ നിന്ന് ഉണ്ടായി. കൊവിഡ് പരിശോധന നടത്തുന്നുണ്ടെങ്കിൽ അത് നല്ലതല്ലേയെന്ന് കോടതി ചോദിച്ചു.

മാദ്ധ്യമ പ്രവർത്തകൻ കെ. എസ്. ആർ. മേനോൻ നൽകിയ ഹർജിയിലാണ് നടപടി. നോട്ടീസ് അയക്കാൻ തയ്യാറാകാതെ ബെഞ്ച് ഹർജിക്കാരന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെയും , സംസ്ഥാന സർക്കാരിനേയും സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.പരാതി ലഭിച്ചു കഴിഞ്ഞാൽ സർക്കാരുകൾ അത് പരിശോധിച്ച് കാലതാമസമില്ലാതെ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ മാത്രം ഈ നിബന്ധന ഏർപ്പെടുത്തിയത് വിവേചനമാണെന്നും വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.