ബി.ഡി.ജെ.എസ് 35 % തദ്ദേശ സീറ്റുകളിൽ മത്സരിക്കും: തുഷാർ
ചേർത്തല: തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് കഴിഞ്ഞ തവണ മത്സരിച്ച 35 ശതമാനം സീറ്റുകളിൽ ഇത്തവണയും മത്സരിക്കുമെന്ന് ചേർത്തല കരപ്പുറം റസിഡൻസിയിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്ഥാനാർത്ഥികളുടെ ആദ്യഘട്ടം പട്ടിക തയ്യാറാക്കി.ജില്ല, സംസ്ഥാന സമിതികൾ ചർച്ച ചെയ്ത് 30ന് മുമ്പ് പട്ടിക പൂർത്തിയാക്കും. 28ന് നടക്കുന്ന എൻ.ഡി.എ യോഗത്തിൽ തിരഞ്ഞെടുപ്പ് ഉൾപ്പെടെ ചർച്ച ചെയ്യും. നിർജീവമായ ഭാരവാഹികളെ ഒഴിവാക്കി ആലപ്പുഴയിലടക്കമുള്ള കമ്മിറ്റികൾ 25ന് മുമ്പ് പുനസംഘടിപ്പിക്കും.
സുഭാഷ് വാസുവിനെ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും. ഇതിനായി പ്രധാനമന്ത്രി,ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർക്ക് കത്തു നൽകിയിട്ടുണ്ട്.തന്നെയും, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെയും അകത്താക്കുമെന്നു പറഞ്ഞ സുഭാഷ് വാസു മൂന്നര മാസമായി ഒളിവിലാണ്. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാതൃകയാണെന്നും തുഷാർ പറഞ്ഞു.ഭാരവാഹികളായ അരയാക്കണ്ടി സന്തോഷ്,സംഗീതാ വിശ്വനാഥൻ, എ.ജി.തങ്കപ്പൻ, കെ.പത്മകുമാർ,വി.ഗോപകുമാർ,പച്ചയിൽ സന്ദീപ്, തഴവ സഹദേവൻ,ഉണ്ണിക്കൃഷ്ണൻ ചാലക്കുടി,കെ.കെ.ബിനു,അനിരുദ്ധ് കാർത്തികേയൻ,എൻ.എൻ.അനുരാഗ് എന്നിവർ പങ്കെടുത്തു.