മഞ്ചേരി മെഡിക്കൽ കോളേജ്: ലാബിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിലെ കൊവിഡ് പരിശോധനാ ലാബിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൊവിഡ് ലാബിൽ പരിശോധിക്കേണ്ട സാമ്പിളുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് രോഗികൾക്കും സ്രവപരിശോധന നടത്തുന്നവർക്കുമുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത്. നിലവിലെ പി.സി.ആർ ലാബോറട്ടറിയുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ സാമ്പിളുകൾ പരിശോധന നടത്താൻ കഴിയുന്ന രീതിയിൽ വിപുലപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനായി പുതിയ ബയോ സേഫ്റ്റി കാബിനെറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങാനുള്ള ഓർഡർ നൽകിയതായും അടുത്ത ദിവസം അവ മെഡിക്കൽ കോളേജിൽ എത്തുമെന്നും ഡി.എം.ഒ അറിയിച്ചു. പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നിലവിലെ ജീവനക്കാർക്ക് പുറമെ ഏഴ് ടെക്നീഷ്യന്മാർ, അഞ്ച് ജൂനിയർ ലാബ് അസിസ്റ്റന്റുമാർ, രണ്ട് ശുചീകരണ ജീവനക്കാർ, മൂന്ന് ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ഇതിനുപുറമെ രണ്ട് റിസർച്ച് ഓഫീസർമാർ, മൂന്ന് ടെക്നീഷ്യന്മാർ എന്നിവരെ കൂടി നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പുതുതായി നിയമിച്ചവർക്കൂള്ള പരിശീലനം പൂർത്തീകരിച്ചിട്ടുണ്ട്. ലബോറട്ടറി സൗകര്യം വർദ്ധിപ്പിക്കുന്നതോടെ പരിശോധന ഫലം കൂടുതൽ വേഗത്തിൽ ലഭ്യമാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.