അന്ന് സച്ചി പറഞ്ഞു, `ഇനി മാറ്റിവയ്ക്കുന്നില്ല `

Saturday 20 June 2020 12:29 AM IST

തൃശൂർ : 'ലോക്ക് ഡൗൺ തുടങ്ങുന്നതിനു മുൻപ് ചെയ്യാൻ തീരുമാനിച്ച ശസ്ത്രക്രിയയായിരുന്നു. നടന്നില്ല. ഇനി, മാറ്റിവയ്ക്കുന്നില്ല.നല്ല വേദനയുണ്ട്. ഇടുപ്പ് മാറ്റിവയ്ക്കലാണ് നടത്തുന്നത്. ഇപ്പോൾ എറണാകുളത്ത് ആശുപത്രിയിലാണ് '' (പിന്നീടാണ് തൃശൂരിലേക്ക് മാറിയത്). ലോക്ക് ഡൗൺകാലം എങ്ങനെ ചെലവഴിച്ചെന്ന് ആരാഞ്ഞ് ഫ്ളാഷ് മുവീസീനുവേണ്ടി മൂന്നാഴ്ച മുൻപ് വിളിച്ചപ്പോഴാണ് സച്ചി ഇക്കാര്യം പറഞ്ഞത് .

''ഡ്രൈവിംഗ് ലൈസൻസ് കഴിഞ്ഞ ഉടൻ അയ്യപ്പനും കോശിയും വന്നു. പിന്നെ തിരക്കായി....'' സച്ചി തുടർന്നു. പെട്ടെന്ന് ഫോൺ കട്ടായി. തിരികെ വിളിച്ചപ്പോൾ ഫോണെടുത്തത് സഹായി.

''സച്ചിയേട്ടൻ ഡോക്ടറുടെ അടുത്താണ്. തിരികെ വിളിക്കും. പത്തുമിനിറ്റിനകം തിരിച്ചുവിളിച്ചു.വരാൻ പോവുന്ന സിനിമകളെക്കുറിച്ചായി സംസാരം. ''ഒന്ന് പൃഥ്വിരാജ് സിനിമ. അതിൽ ഞാൻ നിർമാണപങ്കാളിയാണ്. തിരക്കഥ ഞാൻ തന്നെ. സംവിധാനം

എന്റെ അസോസിയേറ്റ് ജയൻ നമ്പ്യാർ. അതെഴുതി വരികയാണ്.'' സംസാരം മെല്ലെ ഭക്ഷണത്തിലേക്ക് പോയി. ഭക്ഷണപ്രിയനാണ്. ''ലോക്ക് ഡൗൺകാലത്ത് നന്നായി ഭക്ഷണം കഴിച്ചു.മട്ടനും ബീഫും ചിക്കനും ഉണ്ടായിരുന്നു.മത്സ്യം കിട്ടാനില്ല. പോരെങ്കിൽ നല്ല വിലയും.ഈ സമയത്ത് ഇംഗ്ളീഷ് സിനിമകളാണ് അധികവും കണ്ടത്. അഞ്ചാം പാതിര തിയേറ്ററിൽ കണ്ടില്ല.അതും ജല്ലിക്കട്ടും കണ്ടു. മുക്തകണ്ഠൻ വി. കെ. എൻ രണ്ടു പ്രാവശ്യം വായിച്ചു. സി. ജെ തോമസിന്റെയും എൻ. എൻ പിള്ളയുടെയും തിരഞ്ഞെടുത്ത നാടകങ്ങളും വായിച്ചു. അടുത്തിടെ വാരികയിൽ വന്ന ജി.ആർ ഇന്ദുഗോപന്റെ കഥ `വിലായത്ത് ബുദ്ധ' സിനിമയാക്കുന്നുണ്ട്. ഇന്ദുവും ഞാനും ഒാൾഡ് മങ്ക് രാജേഷും ചേർന്നാണ് തിരക്കഥയും സംഭാഷണവും . ലോക്ക്ഡൗൺ കഴിഞ്ഞു തിരുവനന്തപുരത്തിന് വരണം. ഇന്ദുവിനെ കാണണം.'' അതിനു കാത്തുനിൽക്കാതെ സച്ചി യാത്രയായി.

അഭിമുഖം കഴിഞ്ഞയുടൻ സച്ചി വീണ്ടും വിളിച്ചു. മാഗസിൻ ഇറങ്ങുമ്പോൾ അറിയിക്കണേയെന്ന് ഓർമ്മിപ്പിച്ചു. വിലാസം ചോദിച്ചപ്പോൾ അയയ്ക്കാമെന്ന് പറഞ്ഞ് ചിരിച്ചു. വിലാസം ഇതുവരെ തന്നില്ല. തിരികെ വിളിച്ചാലും ലഭിക്കാത്ത അകലത്തേക്ക് അദ്ദേഹം യാത്രയായി.