ആരോഗ്യമന്ത്രിയുടെ മഹാറാണിപ്പട്ടം തട്ടിയെടുത്തത് പിണറായി വിജയനല്ലേ? മഹാറാണി എന്ന വാക്ക് മലയാളികൾക്ക് അശ്ശീലമല്ല, അതിൽ തൂങ്ങി മുല്ലപ്പള്ളിയെ ട്രോളാമെന്ന് ധരിക്കണ്ട; കുറിപ്പ്

Saturday 20 June 2020 3:11 PM IST

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ .കെ ശൈലജയ്ക്കെതിരായി മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുല്ലപ്പള്ളിക്ക് പിന്തുണയുമായി എത്തിയത്.

കെ .പി.സി.സി അദ്ധ്യക്ഷൻ പറഞ്ഞത് ആരോഗ്യമന്ത്രിയുടെ ഇടപെടലുകളുടെ പോരായ്മകളെക്കുറിച്ചാണെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.മുഖ്യമന്ത്രി ആരോഗ്യമന്ത്രിയുടെ റോൾ തട്ടിയെടുത്തെന്നോ അട്ടിമറിച്ചുവെന്നോ ഒക്കെ ആരോപണങ്ങൾ ഉണ്ട്. അതു ശരിയോ തെറ്റോ എന്നും അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ബഹു:കെ.പി.സി.സി പ്രസിഡൻ്റ് ശ്രീ മുല്ലപള്ളി രാമചന്ദ്രൻ അവർകൾ ആരോഗ്യമന്ത്രിക്കെതിരെ പറഞ്ഞ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നു. രാഷ്ട്രീയ ജീവിതത്തിൽ ഇന്നേവരെ പറഞ്ഞത് പിൻവലിച്ച് ഉൾവലിഞ്ഞ ചരിത്രം അദ്ദേഹത്തിനില്ല. സ്വാതന്ത്ര്യ സമര സേനാനിയായ പിതാവിൻ്റെ മകൻ രാഷ്ട്രീയ ജീവിതത്തിൽ മറ്റേപ്പണിയെന്നും,കറിവേപ്പിലയെന്നും പരനാറിയെന്നും, നികൃഷ്ട ജീവിയെന്നും ശുംഭന്മാരെന്നും ആരെയും ഇതുവരെ പരാമർശിച്ചിട്ടില്ല.

സൈബർ സഖാക്കൾ ഒന്നോർക്കുക കെ.പി.സി.സി അദ്ധ്യക്ഷൻ പറഞ്ഞത് ആരോഗ്യമന്ത്രിയുടെ ഇടപെടലുകളുടെ പോരായ്മകളെക്കുറിച്ചാണ്. തിരുവനന്തപുരത്ത് മാത്രമായി ഒതുങ്ങിക്കൂടി ആരോഗ്യ മന്ത്രിയുടെ പ്രവർത്തനങ്ങൾ. അൺലോക്ക് റിലാക്സേഷൻ വന്നിട്ട് പോലും മറ്റു ജില്ലകളിലെ പ്രവർത്തനം നേരിട്ട് വിലയിരുത്താൻ മന്ത്രി തയ്യാറായില്ല.എന്നും വൈകുന്നേരം വാർത്താസമ്മേളനത്തിൽ കൃത്യമായി ഇവർ പങ്കെടുക്കുകയും മൗനിയായി പ്രതിമ കണക്കെ വലത്തേയറ്റത്തിരിന്നു വാർത്താ പാരായണം കേൾക്കുകയും ചെയ്തിരുന്നത് നാം കണ്ടതാണ്. വേറെ തെളിവ് വേണ്ടല്ലോ..?

നിപ്പ പ്രതിരോധം സാദ്ധ്യതമായത് ഒരു സംഘം ആരോഗ്യ പ്രവർത്തകരുടെ ആത്മാർപ്പണവും ജീവാർപ്പണവും കൊണ്ടാണ്. പ്രിയപ്പെട്ട നഴ്സ് ലിനിയെ നമുക്ക് മറക്കാൻ കഴിയുമോ..? എന്നാൽ നിപ്പാ പ്രതിരോധം വലിയൊരു കാര്യമായി കൊണ്ടാടുകയായിരുന്ന ആരോഗ്യമന്ത്രിക്ക് ലോകത്തെ ആകെ വിഴുങ്ങിയ കോവിഡ് 19ന് കാര്യമായി യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. ആവശ്യത്തിന് കിടക്കകൾ, കിറ്റുകൾ, താല്കാലിക ജീവനക്കാർ, പരിശോധന കേന്ദ്രങ്ങൾ, ആംബുലൻസുകൾ, ജീവൻ രക്ഷാമരുന്നുകൾ ഇവയൊന്നും ലോക്ക് ഡൗണിൻ്റെ രണ്ടാം ഘട്ടത്തിൽ പോലും മന്ത്രിയെന്ന നിലയിൽ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞില്ല.

42 ലോക മാധ്യമങ്ങളിൽ കോടികളെറിഞ്ഞ് വ്യാജ വാർത്തകൾ നലകി കേരളം കോവിഡ് പ്രതിരോധത്തിൻ്റെ മാതൃകാ സ്ഥാനമെന്ന് ഘോഷിച്ചു. എന്നാലോ അന്താരാഷ്ട്ര സമൂഹങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന സഹോദരങ്ങളെ സ്വന്തം നാട്ടിൽ പ്രവേശിക്കാൻ അനുവദിക്കുന്നുമില്ല. വിദേശത്ത് മരിച്ച് വീഴുന്ന മലയാളികളെക്കുറിച്ച് സഹതപിക്കാൻ ആരോഗ്യ മന്ത്രിക്ക് നേരമില്ല.

മുഖ്യമന്ത്രി ആരോഗ്യ മന്ത്രിയുടെ റോൾ തട്ടിയെടുത്തെന്നോ അട്ടിമറിച്ചുവെന്നോ ഒക്കെ ആരോപണങ്ങൾ ഉണ്ട്. അതു ശരിയോ തെറ്റോ..? അതറിയേണ്ട ആവശ്യം ജനത്തിനില്ല. ജനത്തിന് ആരോഗ്യ മന്ത്രിയിൽ നിന്ന് കിട്ടേണ്ടത് അവരിൽ നിന്നു തന്നെയായിരുന്നു കിട്ടേണ്ടത്. എന്നാൽ മുഖ്യമന്ത്രിയുടെ കൈകടത്തൽ ഉണ്ടെങ്കിൽ അത് പ്രതിക്ഷേധത്തിലൂടെ മറികടക്കേണ്ട ബാധ്യത മന്ത്രിക്കുണ്ടായിരുന്നു മന്ത്രിയത് ചെയ്തില്ല.

ഒരു രോഗി പോലും മരിക്കരുത് നമ്മുടെ ആഗ്രഹമതാണ്. പക്ഷേ ഒരു പാട് രോഗികൾ മരിക്കേണ്ട സാഹചര്യം ഉണ്ടാക്കിയത് ആര്..?പ്രവാസികളുടെ ഇൻസ്റ്റിറ്റൂഷണൽ ക്വാറൻ്റയിൻവേണ്ടന്ന് വച്ചതാര്..? 3 ലക്ഷം കിടക്കളുടെ കാര്യം ആരോഗ്യമന്ത്രിയെ സമീപത്തിരുത്തിയല്ലേ മുഖ്യമന്ത്രി ജനത്തോട് പറഞ്ഞത്..? സ്വന്തം വകുപ്പിൽ താനറിയാത്ത ഇതുപോലത്തെ ഒരുക്കങ്ങൾ കളവാണെന്നറിഞ്ഞ മന്ത്രി എന്തുകൊണ്ട് പ്രതികരിച്ചില്ല..? തെറ്റിന് കൂട്ട് നിന്ന് കുട പിടിക്കുകയാണോ വേണ്ടത്...??

വാസ്തവത്തിൽ ആരോഗ്യ മന്ത്രിയുടെ മഹാറാണിപ്പട്ടം തട്ടിയെടുത്തത് പിണറായി വിജയനല്ലെ..?? എന്തായാലും മഹാറാണി എന്ന വാക്ക് മലയാളികൾക്ക് അശ്ശീലമല്ല. അതിൽ കയറി തൂങ്ങി KPCC അധ്യക്ഷനെ ട്രോളാമെന്ന് ധരിക്കണ്ട. സ്ത്രീത്വത്തെ എന്നും ആദരിക്കുകയും സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന KPCC പ്രസിഡൻ്റിന് എല്ലാവിധ പിന്തുണയും.. CAA സംയുക്ത സമരത്തിൽ ശ്രീ.മുല്ലപ്പള്ളി തല വച്ച് തരാത്തതിൻ്റെ കെറുവ് ഇന്നും സി.പി.എമ്മിൻ്റെയും പിണറായിയുടെയും മനസ്സിലുണ്ട്. അത് മനസ്സിൽ വച്ചാൽ മതി...!!

മണക്കാട് സുരേഷ്
കെ.പി.സി.സി ജനറൽ സെക്രട്ടറി