ലിനിയുടെ കുടുംബത്തെ വേട്ടയാടാൻ ശ്രമിക്കുന്നു,​ ലിനിയുടെ കുടുംബം കേരളത്തിന്റെ സ്വത്ത് ; കോൺഗ്രസിനെതിരെ മുഖ്യമന്ത്രി

Saturday 20 June 2020 6:39 PM IST

തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരായ പരാമർശത്തിൽ കോൺഗ്രസിനെതിരെ ആ‌ഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിയെ പിന്തുണച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ ഓഫീസിലേക്ക് മാർച്ച് ചെയ്ത കോൺഗ്രസ് നടപടി തെറ്റെന്നും അദ്ദേഹം പറഞ്ഞു. ലിനിയുടെ കുടുംബത്തെ കോൺഗ്രസ് വേട്ടയാടാൻ ശ്രമിക്കുകയാണ്. ലിനിയുടെ കുടുംബം കേരളത്തിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയൻ വിമർശിച്ചത്. ഒരു പൊതുപ്രവർത്തകൻ എങ്ങനെയാകരുതെെന്ന് ആ കോൺഗ്രസ് നേതാവ് തെളിയിച്ചെന്ന് പിണറായി പറഞ്ഞു. കേരളത്തെക്കുറിച്ച് നല്ലത് കേൾക്കുന്നതാണ് മുല്ലപ്പള്ളിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നത്. കേരളത്തെക്കുറിച്ച് നല്ലത് കേൾക്കുമ്പോൾ മലയാളികൾക്ക് അഭിമാനമാണ് തോന്നുന്നത്. എന്നാൽ മുല്ലപ്പള്ളിക്ക് അത് കേൾക്കുമ്പോൾ ക്ഷോഭമാണ് വരുന്നത്. ആ ക്ഷോഭം മലയാളികളെ ബാധിക്കില്ല. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന വിധമാണ് നാം കൊവിഡിനെ ചെറുത്തത്. കൊവിഡിന് ലോകത്തൊരിടത്തും മരുന്നുപോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ നാം രോഗബാധയെ ചെറുത്തുനിറുത്തി. ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടൽ കൊണ്ടും ലോകത്തെ ഫലഭാഗങ്ങളിലെ സാഹചര്യങ്ങൾ പഠിച്ചുകൊണ്ടുള്ള പ്രവർത്തനം കൊണ്ടും

ആരോഗ്യപ്രവർത്തകരുടെ ആത്മാർപ്പണം കൊണ്ടുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.