മുല്ലപ്പള്ളിയുടെ വിവാദ പരാമർശത്തിൽ രാഷ്ട്രീയപ്പോ‌ര്: ആക്രാേശം മനോനിലയുടെ പ്രതിഫലനമെന്ന് മുഖ്യമന്ത്രി

Sunday 21 June 2020 12:56 AM IST

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരായ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആക്രോശം പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. പത്രസമ്മേളനത്തിൽ പതിവുപോലെ മന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തിരുന്നു.

ആ പ്രസ്താവന സ്ത്രീവിരുദ്ധമാണ്. ഇങ്ങനെ പറഞ്ഞാലേ കൈയടിയും വാർത്താപ്രാധാന്യവും കിട്ടുകയുള്ളൂ എന്നു തോന്നുന്ന പരിതാപകരമായ അവസ്ഥയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ വീണുപോയതിൽ ഖേദമുണ്ട്. സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി അദ്ദേഹം മാറുകയാണ്. സിസ്റ്റർ ലിനിയുടെ പേര് പോലും നേരേ പറയാനാവുന്നില്ല. കേരളത്തെക്കുറിച്ച് ലോകം നല്ലതു പറയുന്നത് ക്ഷോഭിപ്പിച്ചെങ്കിൽ എത്രമാത്രം അധ:പതിച്ച മനസ്സാണത്.

ഉത്തരവാദിത്വം നിറവേറ്റാൻ ശ്രമിക്കുന്ന ആരോഗ്യമന്ത്രിയെ വേട്ടയാടി കർത്തവ്യനിർവഹണം തടയാൻ ശ്രമിക്കുകയാണ്. ആരോഗ്യമന്ത്രിയെ വേട്ടയാടാൻ ആരെയും അനുവദിക്കില്ല. നല്ലത് നടക്കുന്നതും പറയുന്നതും മുല്ലപ്പള്ളിയെ അസഹിഷ്ണുവാക്കുന്നു.

പല കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃക സൃഷ്ടിക്കുമ്പോഴാണ് പൊതുപ്രവർത്തകൻ എങ്ങനെയാകരുത് എന്നതിന്റെ മാതൃകയാവാൻ കോൺഗ്രസ് നേതാവ് തുനിഞ്ഞിറങ്ങിയത്.

സർക്കാർ നിലപാടിലുള്ള വിയോജിപ്പ് പറയുന്നത് ജനാധിപത്യപരമായ അന്തസ്സോടെയും അപര ബഹുമാനത്തോടെയുമാകണം. കേരളത്തെക്കുറിച്ച് നല്ലത് കേൾക്കുന്നതിലെ അസ്വസ്ഥതയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പരാമർശത്തിൽ പ്രകടമായത്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചവർ പ്രതിരോധത്തിന് നേതൃത്വം നൽകിയവരെ അധിക്ഷേപിക്കുന്നതിന്റെ രാഷ്ട്രീയ മനശ്ശാസ്ത്രം ജനം പരിശോധിക്കണം. മഹാദുരന്തങ്ങൾ വരുമ്പോൾ മറ്റെല്ലാം മറന്ന് ഒരുമിക്കുകയാണ് മനുഷ്യത്വമുള്ളവർ ചെയ്യുകയെന്ന പൊതുതത്വത്തിന് അപമാനമാണ് കേരളമെന്ന പ്രതീതി ഇതു സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്രസമ്മേളനത്തിൽ കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട് പറയാറില്ലെങ്കിലും ഇപ്പോളതിൽ മാറ്റം വേണമെന്ന് തോന്നിയതിനാലാണ് ഇതു പറയുന്നതെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി തുടങ്ങിയത്.

അധിക്ഷേപിച്ചില്ല, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു: മുല്ലപ്പള്ളി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആരെയും അധിക്ഷേപിക്കുന്ന സ്വഭാവമില്ല. നിപ പ്രതിരോധത്തിന്റെ പേരിൽ മേനി നടിക്കുന്നത് ശരിയല്ല. ഡോക്ടർമാർക്കും നഴ്സുമാർക്കും ആശ,അങ്കണവാടി പ്രവർത്തകർക്കുമാണ് ആ മകുടം തലയിൽ വയ്ക്കാൻ അർഹത. രാജകുമാരി, റാണി എന്നീ പ്രയോഗങ്ങളിൽ എന്താണ് തെറ്റ് ?. ലണ്ടനിലെ ഗാർഡിയൻ പത്രം ആരോഗ്യമന്ത്രിയെ റോക്ക് ഡാൻസർ എന്നാണ് വിശേഷിപ്പിച്ചത്. നിപ വ്യാപനമുണ്ടായപ്പോൾ ഗസ്റ്റ് ഹൗസിലിരുന്നാണ് അവർ കാര്യങ്ങൾ നിയന്ത്രിച്ചത്. ഇടയ്ക്കൊന്ന് കളക്ടറേറ്റിൽ പോകും. എന്നാൽ താൻ ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ചാണ് ആത്മവിശ്വാസം പകർന്നത്. അതാണ് ഗസ്റ്റ് ആർട്ടിസ്റ്റും യഥാർത്ഥ പൊതുപ്രവർത്തകനും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. നഴ്സ് ലിനി മരിച്ച വിവരമറിഞ്ഞ് താനാണ് ആദ്യം അവരുടെ വീട്ടിലേക്ക് വിളിച്ചത്. താങ്കളാണ് ആദ്യം വിളിക്കുന്നതെന്നാണ് അവരുടെ ഭർത്താവ് അന്ന് പറഞ്ഞത്. ഇപ്പോൾ മാറ്റിപ്പറയുന്നതെന്താണെന്നറിയില്ല. കോൺഗ്രസിൽ ആരും തന്റെ പരാമർശത്തിൽ അതൃപ്തി അറിയിച്ചിട്ടില്ല. ചിന്തിക്കുന്ന പൊതുസമൂഹത്തിന്റെയും മാദ്ധ്യമപ്രവർത്തകരുടെയും പിന്തുണ തനിക്കുണ്ട്. മാപ്പ് പറയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.