വൈദികന്റെ മരണം; സാമ്പത്തിക വിഷയങ്ങൾ ഉൾപ്പെടെ സമഗ്ര അന്വേഷണത്തിനൊരുങ്ങി പൊലീസ്
കോട്ടയം: കോട്ടയം അയർക്കുന്നത്തെ വൈദികന്റെ മരണത്തിൽ വൈദികൻ ഉൾപ്പെട്ട സാമ്പത്തിക വിഷയങ്ങൾ എല്ലാം അന്വേഷിക്കുമെന്ന് കോട്ടയം എസ്.പി ജയദേവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ സമഗ്രമായ അന്വേഷണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയിലിനെ ഇന്നലെയാണ് പള്ളിമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം മുതൽ ആണ് വൈദികനെ കാണാതായത്. സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലും, മുറി തുറന്നിട്ട നിലയിലുമായിരുന്നു. ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള പള്ളിയിൽ ആറ് മാസം മുമ്പാണ് ഫാദർ ജോർജ് എട്ടുപറയൽ ചുമതലയേറ്റെടുത്തത്. പള്ളിയിലെ റബർ പുര കത്തി നശിച്ചതുമായി ബന്ധപ്പെട്ട് വൈദികൻ മാനസിക സമ്മർദ്ദത്തിലായിരുന്നു.
അതേസമയം, വൈദികന്റേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിലും കഴുത്തിലും ചെറിയ പരിക്കുകൾ മാത്രമാണ് ഉള്ളത്. കിണറിൽ വീണപ്പോൾ ഉണ്ടായ പരിക്കാവാം ഇതെന്നും, വൈദികന്റെ മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.