കാണാതായ യുവതി കാമുകനൊപ്പം ക്വാറന്റൈൻ കേന്ദ്രത്തിൽ

Wednesday 24 June 2020 12:28 AM IST

പത്തനംതിട്ട: കേന്ദ്രഭരണ പ്രദേശമായ നഗർഹവേലിയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയത് കാമുകനൊപ്പം ക്വാറന്റൈൻ കേന്ദ്രത്തിൽ. ഭർത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട തിരുവല്ല സ്വദേശിയായ ഇരുപത്തിയഞ്ചുകാരനായ കാമുകനെ തേടി മുപ്പതുകാരി 18ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.

കാമുകൻ യുവതിയെ സ്വീകരിക്കാൻ ഇവിടെയെത്തിയിരുന്നു. നെടുമ്പാശേരിയിൽ നിന്ന് കാറിൽ പുറപ്പെടാൻ ഒരുങ്ങിയ കമിതാക്കളെ റവന്യു - ആരോഗ്യ വകുപ്പ് ജീവനക്കാർ തടഞ്ഞു. തങ്ങൾ ബന്ധുക്കളാണെന്നാണ് ഇരുവരും പറഞ്ഞത്. തുടർന്ന് പത്തനംതിട്ടയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റി. 18 മുതൽ ഇരുവരും ഇവിടെയാണ്.

ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് യുവതിയെ അന്വേഷിച്ച് നഗർ ഹവേലി പൊലീസ് ഇന്നലെ പത്തനംതിട്ടയിലെത്തിയപ്പോഴാണ് ഇവിടെയുള്ളവർ വിവരം അറിയുന്നത്. ജൂലായ് രണ്ട് വരെയാണ് ക്വാറൻറ്റൈൻ. അതിനുശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.