മഹേശൻ നിരപരാധി; മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശൻ

Thursday 25 June 2020 10:53 AM IST

ആലപ്പുഴ: മൈക്രോഫിനാൻസ് കേസിൽ മഹേശൻ നിരപരാധിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടക്കേണ്ടതുണ്ട്. മൈക്രോഫിനാൻസ് സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മഹേശന് ബന്ധമില്ലെന്നും അദേഹം പറഞ്ഞു. മഹേശനെ തേജോവധം ചെയ്യാൻ ചിലർ ശ്രമിച്ചു. എല്ലാവരും കൂടെ തന്നെ കേസിൽ കുടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമുള്ള ഭയം മഹേശന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്നെ സംബന്ധിച്ച് ഒഴിവാക്കാനാവാത്ത വ്യക്തിയാണ് മഹേശനെന്നും തന്റെ വലംകയ്യായി നിന്ന ആളായിരുന്നു മഹേശനെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മഹേശനെ നശിപ്പിച്ച ശക്തിയെ കണ്ടെത്തണം. ഇന്ന് മഹേശനെ പൊക്കി പറയുന്ന ആളാണ് മഹേശനെ നശിപ്പിച്ചത്. ഏത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാമെന്ന് മഹേശനോട് പറഞ്ഞിരുന്നു. മഹേശനെ ആശ്വസിപ്പിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. മഹേശനും താനും തമ്മിൽ നാളിതു വരെ ഒരു അഭിപ്രായ വ്യത്യാസവുമുണ്ടായിട്ടില്ല. യോഗനാദത്തിന്റെ എഡിറ്റോറിയൽ വരെ മഹേശനുമായി ചർച്ച ചെയ്‌താണ് എഴുതുന്നതെന്നും അദേഹം പറഞ്ഞു.

സമനില തെറ്റിയ അവസ്ഥയിലായിരുന്നു മഹേശൻ. മഹേശൻ ആത്‌മഹത്യ ചെയ്ത കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. മഹേശനെ ആത്‌മഹത്യക്ക് പ്രേരിപ്പിച്ച ശക്തിയാരെന്ന് കണ്ടെത്തണം. ചേർത്തയിലെ എസ്.എൻ.ഡി.പി യൂണിയനിലെ അഴിമതിയിലും മഹേശന് പങ്കില്ല. എല്ലാ കാര്യങ്ങളും വിശദീകരിച്ച് വിശാലമായ കത്ത് മഹേശൻ നൽകിയിട്ടുണ്ട്. കത്ത് ആരേയും കാണിക്കരുതെന്നും മഹേശൻ പറഞ്ഞിരുന്നു. പ്രശ്‌നങ്ങൾ തീർക്കാമെന്ന് താൻ മഹേശന് ഉറപ്പ് നൽകിയിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സംഘടനയെ ദുർബലപ്പെടുത്താൻ പലരും ശ്രമിക്കുന്നുണ്ട്. അതിശക്തമായി സംഘടന മുന്നോട്ട് പോകും. എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ വന്നവരൊക്കെ സ്വയം തകർന്നിട്ടേ ഉള്ളൂവെന്നും അദേഹം പറഞ്ഞു.