പോൽ-ആപ്പ് ഇനി പൊലീസ് സേവനം വേണ്ടവർക്കും നിർബന്ധം; സേനാംഗങ്ങളുടെ കുടുംബങ്ങൾക്കും പോൽ-ആപ്പ് നിർബന്ധമാക്കും

Thursday 25 June 2020 6:28 PM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ സേവനം വേണമെങ്കിൽ ഫോണുകളിൽ ഇനി പൊലീസിന്റെ ഔദ്യോഗിക ആപ്പ് നിർബന്ധം. സേവനം തേടിയെത്തുന്നവരിലും പൊതുജനങ്ങളിലും പോൽ-ആപ്പ് എന്ന പൊലീസ് അപ്ലിക്കേഷൻ വ്യാപകമാക്കാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. മുഴുവൻ സേനാംഗങ്ങളും അവരുടെ കുടുംബത്തിലെ എല്ലാവർക്കും ആപ്പ് നിർബന്ധമാക്കണമെന്നും നിർദേശമുണ്ട്. ക്യാമ്പ് ഫോളോവർമാരും മിനിസ്റ്റീരിയൽ സ്റ്റാഫും ആപ്പ് ഉപയോഗിക്കണം.

സേവനം തേടിയെത്തുന്ന ജനങ്ങളോട് പൊലീസ് ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കേണ്ട ചുമതല സ്റ്റേഷൻ പി.ആർ.ഒ.മാരെയും റൈറ്റർമാരെയും ഏൽപ്പിച്ചു. ആപ്പിന്റെ ഗുണങ്ങൾ വിശദീകരിച്ചാകണം ഇത് ഉപയോഗിക്കാൻ പ്രേരിപ്പിക്കേണ്ടത്.ആപ്പ് ഏറ്റവും കൂടുതൽ പേരിൽ എത്തിക്കുന്ന പൊലീസുദ്യോഗസ്ഥന് പരിതോഷികം നൽകും.

പാസ്പോർട്ട് അന്വേഷണത്തിനായി പോകുന്ന പൊലീസ് ഉദ്യോഗസ്ഥർ, അപേക്ഷകൻ പൊലീസ് ആപ്പ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം.സ്റ്റുഡന്റ്സ് പൊലീസ് പദ്ധതിയുള്ള സ്കൂളുകളിലെ മുഴുവൻ അദ്ധ്യാപകരെയും രക്ഷിതാക്കളെയും പൊലീസ് ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കണം. ജനമൈത്രി ബീറ്റ് പൊലീസുകാർ അവരുടെ പ്രവർത്തനമേഖലയിലെ മുഴുവൻ ജനങ്ങളും പൊലീസ് ആപ്പ് ഉപയോഗിക്കുന്നതിന് ശ്രമിക്കണം. സംസ്ഥാനത്ത് എത്രപേർ പൊലീസ് ആപ്പ് ഉപയോഗിക്കുന്നുവെന്ന് അറിയാൻ ജൂലായ് ഒന്നിന് കണക്കെടുപ്പ് നടത്തും.