സംസ്ഥാനത്ത് വൈദ്യുതിബിൽ ഇളവ് പ്രാബല്യത്തിൽ വന്നു; ഗാർഹിക ഉപയോക്താക്കൾക്ക് ബിൽത്തുകയുടെ പലിശ പൂർണമായി ഇളവ് ചെയ്‌തു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിബിൽ ഇളവ് പ്രാബല്യത്തിൽ വന്നു. ലോക്ക്‌ഡൗൺ നിലവിൽ വന്ന ദിവസം മുതൽ ഈ ഇളവ് ലഭ്യമാകും. ലോക്ക്ഡൗണിന് മുമ്പുള്ള ശരാശരി ബിൽത്തുകയും ലോക്ഡൗൺ കാലത്തെ തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അധിക തുകയുടെ 20% മുതൽ 100% വരെയാണു സബ്സിഡി നൽകുക. ഈ തുക ബില്ലിൽ രേഖപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ഗാർഹിക ഉപയോക്താക്കൾക്ക് വൈദ്യുതി നിരക്ക് അഞ്ച് തവണകളായി അടയ്ക്കുന്നതിനുള്ള പലിശയിളവ് അടുത്ത ഡിസംബർ 31 വരെ ആയിരിക്കും. ഗാർഹികേതര ഉപയോക്താക്കൾക്ക് ഫിക്സഡ് ചാർജ് അടയ്ക്കുന്നതിന് ഡിസംബർ 15 വരെ സമയം നൽകിയിട്ടുണ്ട്. അവർക്കും അതിന് പലിശയിളവ് ലഭിക്കും.
ഗാർഹിക ഉപയോക്താക്കൾക്ക് ബിൽത്തുകയുടെ പലിശ പൂർണമായി ഇളവ് ചെയ്തിട്ടുണ്ടെന്നും ഗാർഹികേതര ഉപയോക്താക്കൾക്ക് ഫിക്സഡ് ചാർജിന്റെ പലിശയും 25% ഫിക്സഡ് ചാർജുമാണ് ഒഴിവാക്കിയിരിക്കുന്നതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. ലോക്ഡൗൺ കാലത്ത് ഗാർഹികേതര ഉപയോക്താക്കൾ വൈദ്യുതി ഉപയോഗിക്കാത്തതിനാലാണ് ഈ ഇളവ്.