രഹ്ന ഫാത്തിമയുടെ വീട്ടിൽ പൊലീസ് പരിശോധന

Saturday 27 June 2020 12:00 AM IST

*കേസ് നഗ്നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചതിന്

കൊച്ചി: നഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിക്കുകയും ,അത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രഹ്ന ഫാത്തിമയുടെ എറണാകുളം പനമ്പള്ളിനഗറിലുള്ള വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി.

ലാപ്‌ടോപ്പും മൊബൈൽ ഫോണും വരയ്ക്കാൻ ഉപയോഗിച്ച പെയിന്റുകളും ബ്രഷും പിടിച്ചെടുത്തു. രഹ്നയും മക്കളും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. രഹ്നയ്ക്ക് ഒപ്പം താമസിക്കുന്ന മനോജ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രഹ്ന എവിടെപ്പോയെന്ന് അറിയില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

സൈബർ ഡോമിൽ നിന്നുള്ള നിർദ്ദേശപ്രകാരം എറണാകുളം സൗത്ത് സി.ഐ. ടി.ജി. അനീഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പോക്സോ . ഐ.ടി. ആക്ടുകൾ പ്രകാരം തിരുവല്ല പൊലീസാണ് രഹ്നയ്ക്കെതിരെ കേസെടുത്തത്. സംഭവം എറണാകുളത്തായതിനാൽ എറണാകുളം സൗത്ത് പൊലീസിന് കേസ് കൈമാറും. .