മലയാളിക്കായി വിദേശത്ത് പ്രത്യേക സുരക്ഷ പറ്റില്ല: മന്ത്രി മുരളീധരൻ
ന്യൂഡൽഹി: കേരളത്തിലേക്ക് വരുന്നവർക്കായി ഗൾഫ് രാജ്യങ്ങളിൽ പ്രത്യേക സുരക്ഷാ മുൻകരുതൽ ഒരുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിവി. മുരളീധരൻ വ്യക്തമാക്കി. ഏതു സംസ്ഥാനക്കാരായാലും 'വന്ദേഭാരത് 'ദൗത്യത്തിൽ വരുമ്പോൾ ഏകീകൃത മുൻകരുതൽ മാത്രമേ സാധ്യമാവൂ.ഇക്കാര്യം വിദേശകാര്യമന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്രവാസികളെ പരിശോധനയ്ക്ക് വിധേയരാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ട് നടന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വാസ്തവം അതല്ല. നിർദേശം പ്രായോഗികമല്ലെന്ന് കേരളത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. ഒരു രാജ്യത്തിന്റെ പ്രോട്ടോകാേളിൽ മറ്റൊരു രാജ്യത്തിന് ഇടപെടാൻ കഴിയില്ല. ഗൾഫ് രാജ്യങ്ങൾ ട്രൂനാറ്റ് പരിശോധന അംഗീകരിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി അന്വേഷിക്കണമായിരുന്നു. കേരളത്തിൽത്തന്നെ എത്ര ട്രൂനാറ്റ് മെഷീനുകൾ ഉപയോഗത്തിലുണ്ട്. പരിശോധനയിൽ വളരെ പിന്നിൽ നിൽക്കുന്ന സംസ്ഥാനം രോഗലക്ഷണം ഇല്ലാതെ വിദേശത്തുനിന്ന് വരുന്നവർക്ക് സർട്ടിഫിക്കറ്റ് വേണമെന്ന് വാദിക്കുന്നതിൽ എന്തു ന്യായമുണ്ടെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലേക്കു വന്ന പ്രവാസികളിൽ ചെറിയൊരു ശതമാനത്തിനു മാത്രമാണ് രോഗബാധ. ആഭ്യന്തര വിമാനങ്ങളിലും ട്രെയിനുകളിലും വരുന്നവർക്ക് രോഗവ്യാപന സാധ്യതയില്ലേയെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചു.
പ്രവാസികളുടെ വരവ് സർക്കാർ സങ്കീർണമാക്കുന്നു :കെ.സുരേന്ദ്രൻ
തിരുവനന്തപുരം :ഓരോ ദിവസവും പുതിയ നൂലാമാലകളുണ്ടാക്കി പ്രവാസികളുടെ മടങ്ങിവരവ് മുടക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരാത്ത കാര്യങ്ങളിൽ കേന്ദ്രസർക്കാരുമായി ആലോചിക്കുന്നതിന് പകരം മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്ത് സ്വയം അപഹാസ്യനാവുന്നു. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന സ്തുത്യർഹമായ പ്രവർത്തനത്തിന് പാരവയ്ക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ തീ തിന്നുകയാണ്. കൊവിഡ് പോസിറ്റീവായവരെ പ്രത്യേക വിമാനത്തിലെത്തിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ,മണ്ടത്തരം മനസിലാക്കി അത് വിഴുങ്ങി. പിന്നീടും മണ്ടത്തരങ്ങളുടെയും തിരുത്തലുകളുടേയും ഘോഷയാത്രയായിരുന്നു.