30 രൂപയുടെ പുല്ലാങ്കുഴലിൽ ഒഴുകിയെത്തിയ ജീവിതം, രാജേഷ് ചേർത്തലയ്ക്ക് കഴിഞ്ഞതെല്ലാം സ്വപ്നനേട്ടം
മുമ്പേ നടന്നവരുടെ പാത പിന്തുടർന്ന് പുതുസംഗീതത്തിന്റെ മേമ്പൊടി നൽകി പുല്ലാങ്കുഴൽ വാദനത്തിൽ സ്വന്തം ഇടം കണ്ടെത്തിയ കലാകാരനാണ് ചേർത്തലക്കാരുടെ സ്വന്തം രാജേഷ്. മുംബയിലെ വൃന്ദാവൻ ഗുരുകുലത്തിൽ സാക്ഷാൽ ഹരിപ്രസാദ് ചൗരസ്യയുടെ കീഴിൽ സംഗീതപഠനം നടത്തിയത് വിലമതിക്കാത്ത ഭാഗ്യമായി കൂടെക്കൂട്ടുന്ന രാജേഷ് പറയത്തക്ക സംഗീതപാരമ്പര്യമൊന്നുമില്ലാത്ത ജീവിതത്തിൽ നിന്നാണ് സംഗീതത്തെ ഹൃദയത്തിലേറ്റി മുന്നോട്ട് നടന്നത്...
എത്ര കേട്ടാലും വീണ്ടും ഒന്നുകൂടെ കേൾക്കണമെന്ന് തോന്നുന്ന ആത്മാവോളം ചെന്നെത്തുന്ന ഓടക്കുഴൽനാദം. രാജേഷ് ചേർത്തലയെന്ന സംഗീതജ്ഞൻ മലയാളികളുടെ ഹരമായി മാറിയതിന്റെ കാരണം അതൊന്നു മാത്രമാണ്. ചുണ്ടിൽ വിടരുന്ന ചിരി പോലെ മനോഹരമാണ് അദ്ദേഹം തീർക്കുന്ന സംഗീതവിസ്മയവും. ഓരോ തവണയും അത് നമ്മുടെ ഹൃദയത്തിൽ വന്ന് തൊടും, ആ നാദത്തിനൊപ്പം ആസ്വാദകരും സഞ്ചരിക്കും.
മുളന്തണ്ടിൽ നിന്നൊഴുകുന്ന സംഗീതമാധുരിക്കു പകരം നിൽക്കാൻ ഈ ലോകത്തെ ഏതെങ്കിലും സംഗീതത്തിനാകുമോ? ചോദ്യം അൽപ്പം അതിശയോക്തി നിറഞ്ഞതാണെങ്കിലും ഒരു തവണയെങ്കിലും രാജേഷ് ചേർത്തല എന്ന സുഷിരവാദ്യ കലാകാരന്റെ പുല്ലാങ്കുഴൽ നാദത്തിന് ചെവിയോർത്തിട്ടുണ്ടെങ്കിൽ നിങ്ങൾ പറയും ഇല്ലെന്ന്. ഒരുകാലത്ത് സംഗീതകച്ചേരികളുടെ പിൻനിരയിൽ മാത്രം സ്ഥാനമുണ്ടായിരുന്ന പുല്ലാങ്കുഴലിനെ ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചത് ഈ രംഗത്തെ അതികായരായ ഹരിപ്രസാദ് ചൗരസ്യ, പന്നാലാൽ ഘോഷ്, റോണോ മജുംദാർ, ഡോ.എൻ. രമണി, പ്രപഞ്ചം ബാലചന്ദർ, ഹിമാൻശു നന്ദ തുടങ്ങിയ സംഗീതരംഗത്തെ അതികായന്മാരാണ്. മുൻപേ നടന്നവരുടെ പാത പിൻതുടർന്ന് അതിനൊപ്പം പുതുസംഗീതത്തിന്റെ മേമ്പൊടി നൽകി പുല്ലാങ്കുഴൽ വാദനത്തിൽ വേറിട്ട പാതയൊരുക്കിയ കലാകാരനാണ് ചേർത്തലക്കാരുടെ, സ്വന്തം രാജേഷ്. സാക്ഷാൽ ഹരിപ്രസാദ് ചൗരസ്യ എന്ന പ്രിയപ്പെട്ട ഗുരുജിയുടെ ശിഷ്യനായത് ജീവിതത്തിലെ അപൂർവ ധന്യതയായി രാജേഷ് തന്റെ സംഗീതജീവിതത്തിൽ ചേർത്തുവയ്ക്കുന്നു.
ജീവിതരാഗം മാറ്റി
30 രൂപയുടെ പുല്ലാങ്കുഴൽ
ചേർത്തല മഠത്തിൽവെളി മുട്ടപ്പിപ്പറമ്പിൽ ദാസപ്പന്റെയും നിർമ്മലയുടേയും മൂന്ന് ആൺമക്കളിൽ മൂത്തവനാണ് രാജേഷ്. അച്ഛൻ ദാസപ്പന് തോണി നിർമ്മിക്കുന്ന ജോലിയായിരുന്നു. പറയത്തക്ക സംഗീതപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത സാധാരണ കുടുംബം. രാജേഷിന് കുട്ടിക്കാലം മുതൽ സംഗീതത്തോട് വലിയ ഇഷ്ടമായിരുന്നു. ആഗ്രഹം പൂർത്തീകരിക്കാൻ അച്ഛൻ നാട്ടിലെ തന്നെ സംഗീതമാഷായ കരുവാ മോഹനൻ മാസ്റ്ററിനടുത്ത് പാട്ട് പഠിക്കാൻ വിട്ടു. ഒരിക്കൽ വല്യച്ഛന്റെ മകൻ ഷാജി പുല്ലാങ്കുഴൽ വായിക്കുന്നത് കണ്ടതോടെ രാജേഷിന്റെ ശ്രദ്ധ അവിടേക്കായി. ഒരു കൗതുകത്തിന് അച്ഛൻ വാങ്ങി നൽകിയ മുപ്പത് രൂപയുടെ പുല്ലാങ്കുഴലിലായിരുന്നു തുടക്കം. അന്ന് രാജേഷിന് പ്രായം പത്ത് വയസിൽ താഴെ. പതിയെ പതിയെ ആ മുളന്തണ്ടിനോടായി പ്രണയം. ചേർത്തലയിലെ തന്നെ സൺ ബ്രൈറ്റ് മാസ്റ്ററുടെ അടുത്ത് സംഗീതപഠനം തുടങ്ങിയെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. പക്ഷേ, അപ്പോഴും പുല്ലാങ്കുഴൽ വായന കൂടെയുണ്ടായിരുന്നു. അന്നത്തെ മുപ്പത് രൂപയുടെ പുല്ലാങ്കുഴലിന് കൂട്ടായി ഇന്ന് നൂറിലേറെ പുല്ലാങ്കുഴൽ രാജേഷിന്റെ ശേഖരത്തിലുണ്ട്. ഏറെ വിലയുള്ള അവയെല്ലാം രാജേഷ് തന്നെ പറഞ്ഞ് ചെയ്യിപ്പിച്ചവയുമാണ്.
അനുഗ്രഹമായ ഗുരുജി ചൗരസ്യ
കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചത്. അന്ന് സ്കൂളിൽ സുഹൃത്തുക്കൾ ചേർന്നുണ്ടാക്കിയ 'ചിൽഡ്രൻസ് വോയിസ് " എന്ന ട്രൂപ്പിന്റെ നേതൃത്വത്തിലാണ് ആദ്യ സ്റ്റേജ് പരിപാടി അവതരിപ്പിക്കുന്നത്. ആദ്യവേദിയും സ്കൂളായിരുന്നു, അദ്ധ്യാപകരെല്ലാം പ്രോത്സാഹിപ്പിച്ചത് ഇന്നും നല്ല ഓർമ്മയാണ്. പ്രീഡിഗ്രി പ്രൈവറ്റായാണ് പഠിച്ചത്. ബി.എ. മലയാളത്തിന് ചേർത്തല എസ്. എൻ കോളേജിൽ ചേർന്നു. അപ്പോഴും പള്ളികളിൽ ക്വയർ, ഭജൻസ് എന്നിങ്ങനെ സമാന്തരമായി സംഗീതയാത്ര തുടർന്നു. കൊച്ചിൻ ക്ലാസ് എന്ന പ്രൊഫഷണൽ ട്രൂപ്പിലൂടെ ഗാനമേളകളിൽ സജീവമായി. കാമ്പസുകളിൽ ഫോൺ വിലക്കിയിരുന്ന കാലത്ത് സ്റ്റേജ് പരിപാടികൾ മുടങ്ങാതിരിക്കാൻ അന്നത്തെ അദ്ധ്യാപകരായ അജയകുമാർ, ഗോകുലകുമാരി തുടങ്ങിയവർ പണം സ്വരൂപിച്ച് ഒരു മൊബൈൽ ഫോൺ വാങ്ങി നൽകിയ അനുഭവം രാജേഷ് ഓർക്കുന്നു. അന്ന് കോളേജിലെ പ്രിൻസിപ്പലിന് പോലും സ്വന്തമായി മൊബൈൽ ഇല്ലാതിരുന്ന കാലമാണ്. പുല്ലാങ്കുഴൽ സംഗീതത്തിലേക്ക് പിച്ചവച്ചപ്പോഴും ആ മേഖലയിലെ കുലപതികളിലൊരാളായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ കാണാനും അദ്ദേഹത്തിന്റെ ശിഷ്യനാകാനുമുള്ള മോഹം മനസിൽ ഉറങ്ങാതെ കിടന്നു. അങ്ങനെയിരിക്കെ കൊച്ചിയിൽ ഹരിപ്രസാദ് ചൗരസ്യയുടെ സംഗീത കച്ചേരി ഉണ്ടെന്നു അറിഞ്ഞു. എങ്ങനെയോ പാസ് സംഘടിപ്പിച്ച് സുഹൃത്തുക്കളായ ചേർത്തല സുഭാഷ്, കലാഭവൻ ചാക്കോച്ചൻ എന്നിവർക്കൊപ്പം കച്ചേരി കേട്ടു. ആ നാദത്തിൽ മതി മറന്ന് ഇരുന്നുപോയി. പരിപാടിയ്ക്ക് ശേഷം സ്റ്റേജിനു പുറകിൽപോയി അദ്ദേഹത്തെ കണ്ടു, ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, തന്നെ ശിഷ്യനാക്കണം. വിളിച്ചറിയിച്ച ശേഷം മുംബയിലെ വൃന്ദാവൻ ഗുരുകുലത്തിലെത്തുക, ഗുരുജി മറുപടി പറഞ്ഞു. പക്ഷേ വിളിക്കാതെ തന്നെ പുറപ്പെട്ടു. ആദ്യ ദിവസം അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. വലിയൊരു നദിയുടെ മുമ്പിൽ പകച്ചുനിൽക്കുന്ന കുട്ടിയെപ്പോലെ ആയിരുന്നു ക്ലാസിലെ ആദ്യ ദിനങ്ങൾ. ക്രമേണ കുറേശെ കാര്യങ്ങൾ മനസിലാക്കിത്തുടങ്ങി. ഗുരുകുല സമ്പ്രദായത്തിലാണ് വൃന്ദാവനത്തിലെ ക്ലാസുകൾ. അവിടെ താമസിച്ച് ജോലി ചെയ്ത് പഠിക്കാം. സംഗീതവും ജീവിതവും ചേർന്ന വലിയ പാഠശാല. ഇപ്പോഴും സമയം കിട്ടുമ്പോൾ മുംബയിലെത്തി പഠിക്കും. ക്ലാസുകളിൽ പങ്കെടുത്തില്ലെങ്കിൽ പോലും അദ്ദേഹത്തെ കാണുമ്പോൾ ലഭിക്കുന്ന ഊർജം അത്ര വലുതാണ്. ഒരു അവതാരപുരുഷനെപ്പോലെയാണ് ഗുരുജി രാജേഷിന്. എത്ര പരിപാടികളിൽ പങ്കെടുത്താലും അദ്ദേഹം ക്ഷീണിക്കാറില്ല. മാത്രമല്ല, ക്ലാസുകൾ ഒഴിവാക്കുകയുമില്ല. പരിപാടി കഴിഞ്ഞാൽ നേരെ ക്ലാസിലേക്കു വരും. അതേ ഊർജം ശിഷ്യർക്കും ആസ്വാദകർക്കും അദ്ദേഹം പകർന്നു നൽകുന്നു.
സിനിമ വന്നു വിളിച്ചപ്പോൾ
പുതിയ പാട്ടുകൾക്ക് ആസ്വാദകരുണ്ടെങ്കിലും സംഗീതസംവിധായകരായ ജോൺസൺ മാസ്റ്ററിന്റെയും രവീന്ദ്രൻ മാസ്റ്ററിന്റെയും പാട്ടുകൾക്കാണ് ഇന്നും സ്റ്റേജുകളിൽ ആരാധകർ കൂടുതലെന്ന് രാജേഷ് പറയുന്നു. ജോൺസൺ മാസ്റ്ററിന്റെ പാട്ടുകളോടാണ് രാജേഷിന് കൂടുതൽ അടുപ്പം. ജോൺസൺ മാസ്റ്റർ ഫ്ളൂട്ട് വായിക്കുന്നത് കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ പാട്ടുകൾ ഫ്ളൂട്ടിന് കൂടുതൽ ഇണങ്ങുന്നതെന്നാണ് രാജേഷിന്റെ വിലയിരുത്തൽ. വളരെ ആകസ്മികമായാണ് രാജേഷ് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ഒരിക്കൽ ശ്രീരാഗ് സ്റ്റുഡിയോയിൽ ഒരു കാസറ്റിന്റെ റെക്കോർഡിംഗിനായി പോയപ്പോൾ അവിടത്തെ സൗണ്ട് എൻജിനിയർ സാബിർ അഹമ്മദിനെ പരിചയപ്പെട്ടു. അന്നവിടെ റോണി എന്നൊരു അസി. സൗണ്ട് എൻജിനിയറുമുണ്ടായിരുന്നു. റോണിയുമായും സൗഹൃദത്തിലായി. റോണി പിന്നീട് ജാസി ഗിഫ്റ്റിന്റെ അസിസ്റ്റന്റായി. ജാസിയുടെ 'റെയിൻ റെയിൻ കം എഗെൻ" എന്ന സിനിമയിലെ 'പൂവിനുള്ളിൽ പൂമഴപോലെ... ' എന്ന ഗാനത്തിന് പിന്നണി വായിച്ചാണ് രാജേഷ് സിനിമയിൽ തുടക്കം കുറിക്കുന്നത്. ശേഷം 'അഴകാലില മഞ്ഞച്ചരടിലെ...' അടക്കം ഒട്ടേറെ ഗാനങ്ങൾ ജാസി ഗിഫ്റ്റിനായി വായിച്ചു. ബേണി ഇഗ്നേഷ്യസ്, ദീപക് ദേവ്, ഗോപി സുന്ദർ, ബിജിപാൽ, അർജുനൻ മാസ്റ്റർ, വിദ്യാധരൻ മാസ്റ്റർ, ആനന്ദ് മധുസൂദനൻ തുടങ്ങിവർക്കൊപ്പവും പ്രവർത്തിച്ചു. ഹിന്ദിയിലും തെലുങ്കിലും തമിഴിലുമൊക്കെ വായിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ ബിജിപാലിന്റെ കൂടെയാണ് കൂടുതൽ പിന്നണി വായിച്ചത്. മുന്നൂറോളം സിനിമകളിൽ വായിച്ചു. പ്രേമത്തിലെ 'ആലുവാ പുഴയുടെ തീരത്ത്...", അറബിക്കഥയിലെ 'തിരികെ ഞാൻ വരുമെന്ന... " തുടങ്ങി 'രാജേഷ് ഇഫക്ട് " പതിഞ്ഞ ഗാനങ്ങൾ നിരവധിയാണ്.
താരമാക്കി താരാപഥം
ഒരിക്കൽ റിയാൻ സ്റ്റുഡിയിയിൽ റെക്കോർഡിംഗ് നടക്കുകയായിരുന്നു. ഇടവേളയിലെ വിരസത മാറ്റാൻ കൂടെയുണ്ടായിരുന്ന റെക്കോർഡിസ്റ്റ് രഞ്ജിത്ത് രവീന്ദ്രൻ എന്തെങ്കിലും വായിക്കാമോ എന്ന് ചോദിച്ചു. ' മോഹം കൊണ്ട് ഞാൻ...", 'ശിശിര കാല മേഘമിഥുന..." തുടങ്ങിയ ഗാനങ്ങൾ പുല്ലാങ്കുഴലിൽ വായിച്ചു. രഞ്ജിത്ത് അത് റെക്കോർഡ് ചെയ്ത് സുഹൃത്തുക്കൾക്ക് വാട്സാപ്പിൽ അയച്ചു. ആ ഓഡിയോ വ്യാപകമായി പ്രചരിച്ചു. പലരും റിംഗ് ടോണാക്കി. ബിനോയ് മാമൂട് എന്നെയാൾ എന്റെ ഫോട്ടോ തപ്പിയെടുത്ത് ഒരു കുറിപ്പോടെ അത് ഫേസ്ബുക്കിലിട്ടു. ഒരുപാട് അഭിനന്ദനങ്ങൾ കിട്ടി. ശേഷം കൗതുകത്തിനായി വീണ്ടും ഫോണിൽ ഒരു വീഡിയോ ഷൂട്ട് ചെയ്തു. അതും ലക്ഷങ്ങൾ കണ്ടു. നല്ല പ്രതികരണങ്ങൾ കിട്ടിയതോടെയാണ് യൂടൂബിൽ കവറുകൾ ചെയ്യാൻ തുടങ്ങിയത്. താരാപഥം എന്ന പാട്ടിന്റെ കവറാണ് എന്റെ തലവര മാറ്റിമറിച്ചത്. " ലക്ഷക്കണക്കിന് ഫോളോവഴ്സുണ്ട് രാജേഷ് ചേർത്തലയ്ക്കിപ്പോൾ. വിദേശത്തും നാട്ടിലുമൊക്കെയായി പരിപാടികളും ഒരുപാട്. 'വാർമുകിലെ വാനിൽ നീ... " എന്ന പാട്ടൊക്കെ വായിച്ച കൊച്ചിയിലെ ഫ്ളൂട്ടിസ്റ്റ് ജാൻസൺ മാസ്റ്ററാണ് സോളോ പെർഫോമെൻസിൽ റോൾ മോഡൽ. ആദ്യം ഫ്യൂഷൻ വായിക്കുമ്പോൾ പേടിയായിരുന്നു. ആളുകൾ എങ്ങനെയെടുക്കുമെന്ന് പേടിയായിരുന്നു. തൃശൂരിലായിരുന്നു ആദ്യ പ്രോഗാം. നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ അത് ഏറ്റെടുത്തത്. ഓടക്കുഴലിൽ കസർത്ത് കാണിക്കാതെ ശ്രുതി ശുദ്ധമായി വായിച്ചാൽ ആയിരത്തോളം വരുന്നവരെ എത്രനേരം വരെയും പിടിച്ച് നിറുത്താമെന്ന ഗുരുവിന്റെ വാക്കാണ് മുമ്പോട്ടുപോകാനുള്ള ധൈര്യം പകർന്നത്.
സ്വപ്നങ്ങൾ ആകാശത്തോളം
ജോർദാനിലെ ഒരു ബാൻഡിൽ പ്രവർത്തിച്ചത് വലിയ അനുഭവമായിരുന്നു. അതിന്റെ പ്രവർത്തനങ്ങൾക്കായി മൂന്നുതവണ ജോർദാനിൽ പോയി. പുല്ലാങ്കുഴലിനോടൊപ്പം റെക്കോർഡർ, ഫിഫി, സാക്സഫോൺ, വിസിൽ, ഇലക്ട്രോണിക് സാക്സഫോൺ തുടങ്ങി ഒട്ടേറെ വാദ്യോപകരണങ്ങളും രാജേഷിന് വശമുണ്ട്. കച്ചേരികൾ നടത്തണമെന്ന ആഗ്രഹം ഇപ്പോഴും രാജേഷിന് ബാക്കിയാണ്. വയലിനിസ്റ്റ് ഇടപ്പള്ളി അജിത്തിന് കീഴിൽ ശാസ്ത്രീയസംഗീതം പഠിക്കുന്നുണ്ട്. സംഗീത കുലപതികളായ ഇളയരാജ, എ.ആർ.റഹ്മാൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കണമെന്നതും വലിയൊരു സ്വപ്നമാണ്. അച്ഛനും അമ്മയും അനുജന്മാരായ സുരേഷും രതീഷും അവരുടെ കുടുംബവും ഇപ്പോഴും ചേർത്തലയിലെ വീട്ടിൽ തന്നെയാണ് താമസം. പരിപാടികളും റെക്കോർഡിഗുമായി തിരക്ക് വർദ്ധിച്ചതോടെ രാജേഷും ഭാര്യ രാജിയും മക്കളായ അമലയും അമൃതയും കൊച്ചിയിലേക്ക് താമസം മാറി.