കെ.എസ്.ആർ.ടി.സി റിലേ ബസ് സർവീസുകൾ ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം - തൃശൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ദീർഘദൂര റിലേ ബസുകൾ ആരംഭിച്ചു. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ബസുകൾ ഫ്ളാഗ് ഒഫ് ചെയ്തു.
കൊവിഡ് സുരക്ഷാക്രമീകരണങ്ങൾ പാലിച്ചുകൊണ്ടാണ് ദീർഘദൂര യാത്രക്കാർക്കുവേണ്ടി സർവീസുകൾ നടത്തുന്നത്. രണ്ട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ബസുകൾ ഓടിക്കാനാണ് സർക്കാർ അനുമതി. തിരുവനന്തപുരത്ത് നിന്നും രാവിലെ അഞ്ചുമുതൽ ഒരുമണിക്കൂർ ഇടവിട്ട് സൂപ്പർ ഡീലക്സ് ബസുകൾ പുറപ്പെടും. ആറുമണിക്കൂർകൊണ്ട് തൃശൂരിലെത്താം. തിരുവനന്തപുരം - കൊല്ലം, കൊല്ലം - ആലപ്പുഴ, ആലപ്പുഴ - എറണാകുളം, എറണാകുളം - തൃശൂർ എന്നിങ്ങനെ നാല് ബസുകളാണ് ചെയിനായി ഓടുന്നത്. ഒാരോ ബസിലും പ്രത്യേകം ടിക്കറ്റ് എടുക്കണം. ഇതേ മാതൃകയിൽ തൃശൂരിൽ നിന്നും രാവിലെ അഞ്ചുമുതൽ തിരുവനന്തപുരത്തേക്കും ബസുകൾ ഓടും. നിന്നുള്ള യാത്ര അനുവദിക്കില്ല. രാത്രി ഒമ്പതിന് യാത്ര അവസാനിപ്പിക്കണമെന്ന നിബന്ധന ഉള്ളതിനാൽ ഉച്ചയ്ക്ക് ശേഷമുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ അവസാനിപ്പിക്കുന്ന വിധത്തിലായിരിക്കും ക്രമീകരിക്കുക. ചടങ്ങിൽ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, കൗൺസിലർ എം.വി. ജയലക്ഷ്മി എന്നിവർ സംസാരിച്ചു