ഇളവുകൾ ഇല്ലാ, സ്റ്റാർട്ടാകാതെ ഡ്രൈവിംഗ് സ്കൂളുകൾ
പത്തനംതിട്ട : ലോക്ക് ഡൗൺ ഇളവുകളിൽ യാതൊരു പരിഗണനയും ലഭിക്കാതെ ഡ്രൈവിംഗ് സ്കൂളുകൾ കട്ടപ്പുറത്ത് തുടരുകയാണ്. കേന്ദ്ര സർക്കാർ ഡ്രൈവിംഗ് സ്കൂളിനെ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ് ഇളവ് ലഭിക്കാത്തതിന് പ്രധാന കാരണം. മറ്റ് സംസ്ഥാനങ്ങളിൽ ലേണേഴ്സും ടെസ്റ്റും ചെയ്യുന്നുണ്ടെന്ന് കാണിച്ച് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ ഹർജി നൽകിയെങ്കിലും തള്ളിപ്പോയി. സ്വന്തമായി വാഹനമുള്ളവർക്ക് മറ്റ് സംസ്ഥാനങ്ങളിൽ ലേണേഴ്സിന് പങ്കെടുക്കാം. പക്ഷെ ഡ്രൈവിംഗ് സ്കൂൾ വഴിയുള്ള ലേണേഴ്സ് അനുവദിക്കില്ല.
നിലവിൽ കടം വാങ്ങിയും ലോണെടുത്തുമാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ മുമ്പോട്ട് പോകുന്നത്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച മാർച്ച് 8ന് അടച്ചതാണ് ഡ്രൈവിംഗ് സ്കൂളുകൾ. ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞു. ഇവർക്ക് ക്ഷേമനിധി ഇല്ലാത്തതിനാൽ ധനസഹായവും ലഭിച്ചിട്ടില്ല. ഡ്രൈവിംഗ് സ്കൂളുകളിലെ വാഹനങ്ങളെല്ലാം നശിക്കുകയാണ്. നന്നാക്കണമെങ്കിൽ വലിയൊരു തുക ചെലവാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസുകൾ നടത്താൻ അനുമതി നൽകണമെന്നാണ് സ്കൂൾ ഉടമകളുടെ ആവശ്യം.
ജില്ലയിലെഡ്രൈവിംഗ് സ്കൂളുകൾ: 250,
ജീവനക്കാർ : 1000
"സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ടെസ്റ്റും ലേണേഴ്സും പഠിപ്പിക്കാൻ തയാറാണ്. പത്ത് പേർക്കായി ടെസ്റ്റ് നടത്താൻ അധികൃതർ തയാറാകണം. ക്ഷേമനിധി ഇല്ലാത്തതിനാൽ സാമ്പത്തിക സഹായം ഒന്നും ലഭിച്ചിട്ടില്ല. ഒരു ആനുകൂല്യവും പകരം സംവിധാനവും ഞങ്ങൾക്ക് ഇല്ല. "
ഷിജു ഏബ്രഹാം
(ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ്
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് )
"സാരഥിയിൽ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യുന്നതിന് തടസം ഇല്ല. പക്ഷെ തീയതി ആർക്കും നൽകുന്നില്ല. സർക്കാർ ഇതുവരെ നിർദേശങ്ങൾ ഒന്നും തന്നിട്ടില്ല. ഒരു ദിവസം നാൽപ്പത് പേർക്കാണ് അവസരം ലഭിക്കുക. തിരക്ക് നിയന്ത്രിയ്ക്കാൻ ബുദ്ധിമുട്ടാകും. "
ജിജി ജോർജ്
(പത്തനംതിട്ട ആർ.ടി.ഒ)